മുംബൈ: മുതിർന്ന നേതാവ് ബാബാ സിദ്ദീഖ് കൊല്ലപ്പെട്ടതിന് പിന്നാലെ മഹാരാഷ്ട്രയിലെ ബി.ജെ.പി-ഷിൻഡെ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി എൻ.സി.പി അധ്യക്ഷൻ ശരത് പവാർ. സംസ്ഥാനത്തെ തകർന്ന ക്രമസമാധാനനില ആശങ്കാജനകമാണെന്ന് പവാർ എക്സിൽ കുറിച്ചു.
കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുക മാത്രമല്ല, ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന സർക്കാർ രാജിവെക്കണമെന്നും ശരത് പവാർ ആവശ്യപ്പെട്ടു. മുൻ സംസ്ഥാന മന്ത്രി ബാബാ സിദ്ദീഖിക്ക് നേരെ മുംബൈയിൽ നടന്ന വെടിവെപ്പ് ഖേദകരമാണ്. സിദ്ദീഖിന്‍റെ കുടുംബത്തോടുള്ള അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പവാർ വ്യക്തമാക്കി.
എൻ.സി.പി മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ബാബാ സിദ്ദീഖിനെ അജ്ഞാതരായ ആയുധധാരികളാണ് വെടിവെച്ച് കൊല്ലപ്പെടുത്തിയത്. വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ സിദ്ദീഖിനെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബാന്ദ്ര ഈസ്റ്റിലാണ് സംഭവം നടന്നത്. മകനും ബാന്ദ്ര ഈസ്റ്റ് എം.എൽ.എയുമായ സീഷാൻ സിദ്ദീഖിന്‍റെ ഓഫീസിന് സമീപത്ത് വെച്ചാണ് വെടിയേറ്റത്. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല.
ഒരു വെടിയുണ്ട സിദ്ദീഖിന്‍റെ നെഞ്ചിന് സമീപത്തും രണ്ടു വെടിയുണ്ടകൾ വയറ്റിലുമാണ് തറച്ചത്. സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിവെപ്പിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.