ബാബരി തകർക്കു​മ്പോൾ എലികളെല്ലാം മാളത്തിൽ, ശിവസേനക്കാർ തെരുവിൽ പോരാടി -ഉദ്ധവ് താക്കറെ

മുംബൈ: ബാബരി മസ്ജിദ് തകർത്തപ്പോൾ എലികളെല്ലാം മാളങ്ങളിലായിരുന്നുവെന്നും ആ സമയത്ത് ബാൽതാക്കറെ ഉത്തരവാദിത്തം ഏറ്റെടുത്തുവെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ബാബരി തകർക്കലുമായി താക്കറെയ്‌ക്കോ ശിവസേനയ്‌ക്കോ യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീലിന് മറുപടിപറയുകയായിരുന്നു ഉദ്ധവ്. അന്ന് മാളത്തിലായിരുന്നവർ ഇപ്പോൾ ഓരോരുത്തരായി പുറത്തുവരുന്നുണ്ടെന്നും അവർ ബാലാസാഹെബിന്റെ ഫോട്ടോ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

‘ചന്ദ്രകാന്ത് പാട്ടീലിന്റെ പ്രസ്താവന ബാൽതാക്കറേക്ക് അപമാനമാണ്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഇടപെട്ട് ചന്ദ്രകാന്ത് പാട്ടീലിനെ രാജിവെപ്പിക്കണം. പാട്ടീൽ രാജിവെക്കുന്നില്ലെങ്കിൽ ഷിൻഡെ മുഖ്യമന്ത്രി പദമൊഴിയണം’ -ഉദ്ധവ് താക്കറെ പറഞ്ഞു.

ബാലാസാഹബ് താക്കറെയുടെ പ്രാധാന്യം ഇല്ലാതാക്കാൻ ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്നും ഉദ്ധവ് ആരോപിച്ചു. "ബിജെപിക്ക് ഒരിക്കലും ധൈര്യമുണ്ടായിരുന്നില്ല. എന്നാൽ, മുംബൈ കലാപത്തിൽ ശിവസൈനികർ തെരുവിൽ പോരാടുകയായിരുന്നു. മറുവശത്ത്, മോഹൻ ഭാഗവത് പള്ളിയിലേക്ക് പോകുകയും ഇപ്പോൾ ഖവാലിയിലൂടെ പ്രചരണം നടത്തുകയും ചെയ്യുന്നു’ -ഉദ്ധവ് പറഞ്ഞു.

തന്റെ പാർട്ടിയുടെ ‘ഹിന്ദുത്വ’ എന്നാൽ, ദേശീയതയാണെന്നും ബി.ജെ.പിയുടെ ഹിന്ദുത്വ എന്താണെന്ന് ബിജെപി വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

1992 ഡിസംബർ 6ന് ബജ്‌റംഗ്ദളും ദുർഗ വാഹിനിയും ചേർന്ന് അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കുമ്പോൾ ശിവസേനയുടെ ഒരു പ്രവർത്തകൻ പോലും സമീപത്തുണ്ടായിരുന്നില്ലെന്നാണ് മുതിർന്ന ബി.ജെ.പി നേതാവ് കൂടിയായ മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ തിങ്കളാഴ്ച പറഞ്ഞത്.

‘അന്തരിച്ച ശിവസേന സ്ഥാപകൻ ബാൽതാക്കറെ ആരുടെയും സ്വത്തല്ല. ജനങ്ങൾ വളരെയധികം ബഹുമാനിക്കുന്ന ആളായിരുന്നു. ബാലാസാഹേബ് എല്ലാ ഹിന്ദുക്കളുടെയും സ്വത്താണ്. അദ്ദേഹത്തിന്റെ പൈതൃകം ഉപയോഗിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്’ പാട്ടീൽ പറഞ്ഞു.

Tags:    
News Summary - Babri masjid demolition remark: Uddhav Thackeray demands resignation of Chandrakant Patil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.