ബാബരി മസ്ജിദും ഗുജറാത്ത് കലാപവും വെട്ടി, രാമക്ഷേത്ര നിർമാണം ഉൾപ്പെടുത്തി എൻ.സി.ഇ.ആർ.ടി പാഠപുസ്തകം

ന്യൂഡൽഹി: പാഠപുസ്തകത്തിൽനിന്നും ചരിത്രം വെട്ടിമാറ്റിയും സംഘ്പരിവാർ ആശയങ്ങൾ കുത്തിക്കയറ്റിയുമുള്ള നടപടികൾ തുടർന്ന് എൻ.സി.ഇ.ആർ.ടി. 12ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്‌തകത്തിൽനിന്ന് ബാബരി മസ്ജിദ് തകർത്തത് സംബന്ധിച്ച ഭാഗങ്ങളും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പരാമർശങ്ങളും വെട്ടുകയും രാമജന്മഭൂമി പ്രസ്ഥാനത്തിന് പ്രാമുഖ്യം നൽകിയുമാണ് പുതിയ പരിഷ്കാരം.

പൊളിറ്റിക്കൽ സയൻസ് പാഠപുസ്‌തകത്തിൽ സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിലെ രാഷ്ട്രീയം എന്ന എട്ടാം അധ്യായത്തിലാണ് മാറ്റങ്ങൾ വരുത്തിയത്. അധ്യായത്തിന്‍റെ തുടക്കത്തിലും അവസാനത്തിലുമുള്ള മൂന്ന് ഭാഗങ്ങളിൽനിന്ന് ബാബരി മസ്ജിദിനെ കുറിച്ചുള്ള പരാമർശം ഒഴിവാക്കി. ‘രാഷ്‌ട്രീയ സമാഹരണത്തിന്റെ സ്വഭാവത്തിന് രാമജന്മഭൂമി പ്രസ്ഥാനത്തിന്റെയും അയോധ്യ തകർക്കലിന്റെയും പൈതൃകം എന്താണ്?’ എന്നതിന് പകരം ‘രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ പൈതൃകം എന്താണ്?’ എന്ന തലക്കെട്ടിലേക്ക് വിവരങ്ങൾ ചുരുക്കി. ഇതേ അധ്യായത്തിൽനിന്ന് തന്നെ ബാബരി മസ്ജിദ് തകർത്തതിനെ കുറിച്ചു പറയുന്ന ഭാഗങ്ങളും വെട്ടിമാറ്റി.

‘ഒട്ടേറെ സംഭവങ്ങളെ തുടർന്നാണ് 1992 ഡിസംബറിൽ അയോധ്യയിലെ തർക്കമന്ദിരം (ബാബരി മസ്ജിദ് എന്നറിയെപ്പട്ടത്) തകർക്കപ്പെട്ടത്. ഈ സംഭവം രാജ്യത്തെ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കു കാരണമാവുകയും ദേശീയതയെയും മതേതരത്വത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് വഴിമരുന്നിടുകയും ചെയ്തു. ബി.ജെ.പിയുടെ ഉദയവും ഹിന്ദുത്വ രാഷ്ട്രീയവും ഈ സംഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു’ എന്നായിരുന്നു പഴയ പാഠപുസ്തകത്തിൽ കുട്ടികളെ പഠിപ്പിച്ചിരുന്നത്. പുതിയ പുസ്തകത്തിൽ ഇത് ‘അയോധ്യയിലെ രാമജന്മഭൂമി സംബന്ധിച്ച നൂറ്റാണ്ടുകൾ നീണ്ട നിയമപരവും രാഷ്ട്രീയപരവുമായ തർക്കം ഇന്ത്യൻ രാഷ്ട്രീയത്തെ സ്വാധീനിച്ചു തുടങ്ങുകയും പലവിധത്തിലുള്ള രാഷ്ട്രീയ പരിണാമങ്ങൾക്കു രൂപം നൽകുകയും ചെയ്തു.

ജനാധിപത്യത്തെയും മതേതരത്വത്തെയും മാറ്റിമറിക്കുന്ന രീതിയിൽ രാമജന്മഭൂമി ക്ഷേത്ര പ്രസ്ഥാനം മുൻനിരയിലേക്കു കടന്നുവന്നു. സുപ്രീംകോടതി ഭരണഘടന െബഞ്ചിന്റെ തീരുമാനത്തോടെ ഈ മാറ്റങ്ങൾ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിലേക്കും നയിച്ചു’ എന്നാക്കി. ഇതേ പുസ്തകത്തിൽ ‘ഗോധ്ര കലാപത്തിൽ 1,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു, അവയിൽ കൂടുതലും മുസ്‍ലിംകളാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്’ എന്നത് വെട്ടി ‘1,000ത്തിലധികം ആളുകളാണ് 2002ലെ ഗുജറാത്ത് കലാപത്തിന്റെ ഇരകളാകേണ്ടിവന്നത്’ എന്നാക്കി മാറ്റി.

സർദാർ സരോവർ അണക്കെട്ട് പോലുള്ള പദ്ധതികൾ ലക്ഷക്കണക്കിന് ആദിവാസികളെ കുടിയിറക്കി, അവരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു എന്ന ഭാഗവും 12ാം ക്ലാസ് സോഷ്യോളജി പുസ്തകത്തിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹാരപ്പൻ സംസ്കാരത്തിന്റെ ഉദ്‌ഭവം, ആര്യന്മാരുടെ കുടിയേറ്റം, ബിർസാ മുണ്ടയുമായി ബന്ധപ്പെട്ട ചരിത്രം എന്നിവ സംബന്ധിച്ച പാഠഭാഗങ്ങളും സംഘ്പരിവാർ ആശയത്തിന് അനുസൃതമായി വെട്ടിച്ചുരുക്കുകയും കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്. പുതിയ മാറ്റം കുട്ടികളുടെ പഠനഭാരം കുറക്കാനുള്ള നീക്കമെന്നാണ് എൻ.സി.ഇ.ആർ.ടിയുടെ വിശദീകരണം.

Tags:    
News Summary - Babri Masjid, Gujarat riots removed from NCERT Textbook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.