ബംഗളൂരു: ബംഗളൂരു ഈസ്റ്റ് മേഖലയിലുണ്ടായ അക്രമസംഭവങ്ങൾ രാജ്യത്തെ സാമുദായിക സൗഹാർദം തകർക്കാനുള്ള എസ്.ഡി.പി.ഐ ഗൂഢാലോചനയുടെ ഭാഗമായി നടന്നതാണെന്ന് എൻ.ഐ.ഐ. ബംഗളൂരു അക്രമവുമായി ബന്ധപ്പെട്ട് എൻ.ഐ.എ ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച വിശദമായ കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്. 247 പേരെയാണ് എൻ.ഐ.എ പ്രതിചേർത്തിരിക്കുന്നത്. അക്രമസംഭവം എസ്.ഡി.പി.ഐയുടെ ഗൂഢാലോചനയാണെന്നും ഇത്തരം സംഘടനകൾ സമൂഹ മാധ്യമങ്ങളെ ഉപകരണമാക്കുകയാണെന്നും ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു. പ്രവാചക നിന്ദ പോസ്റ്റിനെ തുടർന്ന് 2020 ആഗസ്റ്റ് 11ന് രാത്രി ബംഗളൂരുവിലെ ഡി.ജെ ഹള്ളിയിലും കെ.ജി ഹള്ളിയിലുമുണ്ടായ പ്രതിഷേധം അക്രമത്തിലും പൊലീസ് വെടിവെപ്പിലും കലാശിക്കുകയായിരുന്നു.
ഫേസ്ബുക്കിൽ പോസ്റ്റിട്ട കോൺഗ്രസ് എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധുവായ നവീനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്രമത്തിലും പൊലീസ് വെടിവെപ്പിലുമായി നാലു പേരാണ് മരിച്ചത്. സംഭവത്തിൽ യു.എ.പി.എ ചുമത്തിയ രണ്ടു കേസുകളിലാണ് എൻ.ഐ.എ വിശദമായ കുറ്റപത്രം സമർപ്പിച്ചത്.
കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞ സംഭവം, പൗരത്വ ഭേദഗതി നിയമം, ബാബരി മസ്ജിദ് വിധി, മുത്തലാഖ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ ബംഗളൂരു എസ്.ഡി.പി.ഐ അസ്വസ്ഥരായിരുന്നുവെന്നും സമുദായങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്തെ സമാധാനം കളയാനുള്ള അവസരത്തിനായി കാത്തുനിൽക്കുകയായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.