ന്യൂഡൽഹി: മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശ ഫണ്ട് സ്വീകരിക്കാനുള്ള അനുമതിയും ലൈസൻസും പുതുക്കി നൽകേണ്ടെന്ന് ക്രിസ്മസ് ദിനത്തിൽ കേന്ദ്ര സർക്കാർ തീരുമാനിച്ചു. രേഖകളിൽ 'ഹാനികരമായ' വിവരങ്ങൾ ഉണ്ടെന്ന് ആരോപിച്ചാണ് നടപടി. ഇതേ തുടർന്ന് പ്രശ്നം പരിഹരിക്കുന്നതുവരെ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് മിഷനറീസ് ഓഫ് ചാരിറ്റി അപേക്ഷ നൽകി.
മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചുവെന്ന ട്വീറ്റുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തുവന്നതോടെയാണ് വിവരം പുറത്തായത്. ക്രിസ്മസ് വേളയിൽ കേന്ദ്ര മന്ത്രാലയം മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിൽ നടുക്കം പ്രകടിപ്പിച്ചായിരുന്നു മമതയുടെ ട്വീറ്റ്. രാജ്യമൊട്ടുക്കുമുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിലൂടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ജീവനക്കാരും രോഗികളുമടക്കം 22,000 മനുഷ്യർ ഭക്ഷണവും മരുന്നുമില്ലാത്ത അവസ്ഥയിലായെന്ന് മമത കുറ്റപ്പെടുത്തി.
നിയമം എല്ലാറ്റിനും മുകളിലാണെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ച അരുതെന്ന് മമത ഓർമിപ്പിക്കുകയും ചെയ്തു. കേന്ദ്ര നടപടിയെ കുറിച്ച് പ്രതികരിക്കാൻ മിഷനറീസ് ചാരിറ്റി അധികൃതർ വിസമ്മതിച്ചതിനിടയിൽ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്തുവന്നു. വിദേശ സഹായം സ്വീകരിക്കാനുള്ള എഫ്.സി.ആർ.എ അനുമതിയും ലൈസൻസും പുതുക്കാതിരിക്കാൻ ഡിസംബർ 25നാണ് തീരുമാനിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഡിസംബർ 31ന് നിലവിലെ അനുമതിയുടെ കാലാവധി അവസാനിക്കുകയാണ്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ ആഭ്യന്തര മന്ത്രാലയം മരവിപ്പിച്ചിട്ടില്ലെന്നും അക്കൗണ്ടുകൾ മരവിപ്പിക്കാൻ അവർതന്നെയാണ് അപേക്ഷ നൽകിയതെന്നും വാർത്തക്കുറിപ്പിൽ കൂട്ടിച്ചേർത്തു.
രേഖകളിലെ 'ഹാനികരമായ വിവരങ്ങൾ' ഉണ്ടെന്ന് പറഞ്ഞ് ആഭ്യന്തര മന്ത്രാലയം ലൈസൻസ് പുതുക്കി നൽകാൻ തയാറാകാത്ത സാഹചര്യത്തിൽ ആ പ്രശ്നം പരിഹരിക്കുന്നതുവരെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ അപേക്ഷ നൽകിയതാണെന്ന് ഇതിന് പിന്നാലെ മിഷനറീസ് ഓഫ് ചാരിറ്റിയുമായി ബന്ധപ്പെട്ട വൃത്തങ്ങളും വിശദീകരിച്ചു.
മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഗുജറാത്തിലെ അഭയ കേന്ദ്രത്തിൽ പെൺകുട്ടികളെ കുരിശ് ധരിക്കാനും ബൈബിൾ വായിക്കാനും നിർബന്ധിച്ചുവെന്ന ശിശുക്ഷേമ വകുപ്പിെൻറ പരാതി ഡിസംബർ ആദ്യവാരം ഗുജറാത്ത് പൊലീസ് അന്വേഷിച്ചിരുന്നു. എന്നാൽ മിഷനറീസ് ഓഫ് ചാരിറ്റി ഈ ആരോപണം നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.