ബംഗളൂരു: ലിംഗായത്ത് നേതാവായ ബി.എസ്. യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പടിയിറക്കിയ നടപടിയിൽലിംഗായത്തുകൾക്കിടയിൽ രൂപപ്പെട്ട പ്രതിഷേധത്തെ തണുപ്പിക്കുകയാണ് ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രിയാക്കിയതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. ലിംഗായത്ത് നേതാവ് തന്നെ മുഖ്യമന്ത്രിസ്ഥാനത്ത് വേണമെന്ന ആവശ്യം മഠാധിപതികൾ ഉയർത്തിയിരുന്നു.ഇൗ ആവശ്യം അംഗീകരിച്ചതോടെ പ്രതിഷേധങ്ങൾ തൽക്കാലം നിലക്കുമെന്നാണ് ബി.ജെ.പി നേതൃത്വത്തിെൻറ പ്രതീക്ഷ.
യെദിയൂരപ്പയുടെ രാജിയോടെ സമുദായം വേദനിപ്പിക്കപ്പെെട്ടന്നും ബി.ജെ.പി നേതൃത്വത്തിെൻറ നടപടി ഒരു വെല്ലുവിളിയായിഏറ്റെടുക്കുന്നെന്നുമാണ് മഠാധിപതികൾ കഴിഞ്ഞദിവസം പ്രതികരിച്ചത്. പ്രായമാണ് യെദിയൂരപ്പക്ക് തടസ്സമായി പറയുന്നതെങ്കിൽ 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 75 കഴിഞ്ഞ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതെന്തിനാെണന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ ബാലെഹൊസൂർ മഠാധിപതി ദിംഗലേശ്വര സ്വാമി ചോദിച്ചു.
ബി.ജെ.പി നടപടിക്കെതിരെ 2023ലെ നിയമസഭ തെരഞ്ഞെടുപ്പിലും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലും പ്രതിഷേധം പ്രതിഫലിക്കണമെന്ന ആഹ്വാനവുമായി സാമൂഹികമാധ്യമങ്ങളിലടക്കം ലിംഗായത്ത് അണികൾ രംഗത്തെത്തിയിരുന്നു. പ്രതിഷേധം മറ്റു തലങ്ങളിലേക്ക് നീങ്ങുന്നതിന് മുമ്പ് ലിംഗായത്തുകളിലെ സദർ വിഭാഗത്തിൽപെട്ട ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രിയാക്കി അവരോധിക്കുകയായിരുന്നു.
യെദിയൂരപ്പയുടെ വിശ്വസ്തനായ അനുയായിയാണ് ബൊമ്മൈ. ലിംഗായത്ത് മുഖ്യമന്ത്രിയായ വീരേന്ദ്ര പാട്ടീലിനെ മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി ഇടപെട്ട് മാറ്റിയത് കോൺഗ്രസിന് വൻ തിരിച്ചടിയായ മുൻ അനുഭവം കർണാടക രാഷ്ട്രീയത്തിലുണ്ട്. 1989ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വീരേന്ദ്രപാട്ടീലിനെ മുൻനിർത്തി പ്രചാരണം നടത്തിയ കോൺഗ്രസ് 175 സീറ്റ് നേടി അധികാരത്തിലെത്തിയിരുന്നു.
1990ൽ ആരോഗ്യകാരണങ്ങൾ പറഞ്ഞ് വീരേന്ദ്രപാട്ടീലിനെ രാജീവ് ഗാന്ധി മാറ്റിയതോടെ ലിംഗായത്തുകൾ ഇടഞ്ഞു. 1994ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 34 സീറ്റിലൊതുങ്ങി. ലിംഗായത്ത് വോട്ട് ജനതാപാർട്ടിയിലേക്കും പിന്നീട് ബി.ജെ.പിയിലേക്കും മാറി.കർണാടകയിൽ ബി.ജെ.പിയുടെ ഗതി നിർണയിച്ച സംഭവം കൂടിയായിരുന്നു അത്.
കർണാടകയിൽ 500 ഒാളം മഠങ്ങളുള്ള ലിംഗായത്ത് സമുദായത്തിന് കീഴിൽ നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളാണുള്ളത്.സംസ്ഥാനത്തെ ജനസംഖ്യയിൽ 17 ശതമാനം വരുന്ന ഇൗ സമുദായം രാഷ്ട്രീയ വിധി തീരുമാനിക്കുന്നതിൽ നിർണായകമാണ്. 2013ലെ നിയമസഭ തെരെഞ്ഞടുപ്പിൽ ബി.ജെ.പി ഇതനുഭവിച്ചതുമാണ്. യെദിയൂരപ്പ കർണാടക ജനത പക്ഷ (കെ.ജെ.പി) രൂപവത്കരിച്ച് ബി.ജെ.പിക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ക്ഷീണം ബി.ജെ.പിക്കായിരുന്നു. 2008ൽ 110 സീറ്റ് നേടിയ ബി.ജെ.പി 2013ൽ 40 സീറ്റിലൊതുങ്ങി. ലിംഗായത്ത് നേതാക്കളടക്കം സമ്മർദം ചെലുത്തിയാണ് 2014ൽ യെദിയൂരപ്പയെ ബി.ജെ.പിയിൽ തിരിച്ചെത്തിച്ചത്.
ലിംഗായത്തിനെ പ്രത്യേക മതമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് 2017ൽ മഠാധിപതികൾ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിരുന്നു. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള അന്നത്തെ കോൺഗ്രസ് സർക്കാർ നിർദേശം മോദി സർക്കാറിന് സമർപ്പിച്ചെങ്കിലും കേന്ദ്രം അനുമതി നൽകിയില്ല. ഇൗ പ്രതിഷേധം തണുപ്പിക്കാൻ കഴിഞ്ഞവർഷം വീരശൈവ ലിംഗായത്ത് വികസന കോർപറേഷൻ രൂപവത്കരിച്ച യെദിയൂരപ്പ 500 കോടിയാണ് പ്രവർത്തനത്തിനായി അനുവദിച്ചത്. ബിദറിലെ ബസവ കല്യാണിൽ പുതിയ അനുഭവ മണ്ഡപ നിർമിക്കാൻ 200 കോടിയും അനുവദിച്ചു. മറ്റൊരു ലിംഗായത്ത് നേതാവിനെ മുഖ്യമന്ത്രിയാക്കിയാലും യെദിയൂരപ്പയോളം വരില്ലെന്ന് മഠാധിപതികൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.