പനജി: ഗോവയിലെ ബീച്ചുകളുടെ നടത്തിപ്പ് സമഗ്രമായി കൈകാര്യം ചെയ്യുന്നതിന് പുതിയ ആപ്പ് പുറത്തിറക്കി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ബീച്ച് വിജിൽ ആപ്പ് എന്ന് പേരിട്ട ആപ്പ് ബീച്ചിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ്. ബീച്ചകളിലെത്തുന്ന വിനോദ സഞ്ചാരികളെ കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പുകൾ കുറക്കാൻ ഇതുവഴി സാധിക്കുമെന്നാണ് സർക്കാർ കരുതുന്നത്.
ബീച്ച് വിജിൽ ആപ്പ് വഴി വിനോദ സഞ്ചാരികളുടെ സംരക്ഷണം ഉറപ്പുവരുത്താനാവശ്യമായ നടപടികൾ സ്വീകരിക്കാം. സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച് പൊലീസിനുൾപ്പെടെയുള്ളവർക്ക് ആപ്പ് വഴി മുന്നറിയിപ്പ് നൽകാനും നടപടികൾ സ്വീകരിക്കാനും അവസരമുണ്ടെന്ന് ഐ.ടി -വിനോദ സഞ്ചാര വകുപ്പ് മന്ത്രി രോഹൻ ഖൗണ്ട് പറഞ്ഞു.
ബീച്ച് ശുചീകരണം സംബന്ധിച്ച പദ്ധതിയുടെ അവസാന നടപടികളിലാണ് സർക്കാർ. ബീച്ച് ശുചീകരണത്തിനുള്ള അനധികൃത സന്ദേശങ്ങൾ മുതൽ എല്ലാ പ്രശ്നങ്ങളും ബീച്ച് വിജിൽ ആപ്പ് വഴി ഉന്നയിക്കാനും പരിഹാരം കാണാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബീച്ച് വിനോദ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും ആപ്പ് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യയുടെയും വിനോദ സഞ്ചാരത്തിന്റെയും സഹകരണം ഭാവിയിൽ കൂടുതൽ സാധ്യതകൾ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിനോദ സഞ്ചാരവും സുരക്ഷയും ഒരുമിച്ച് വികസിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രയത്നമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.