ആശുപത്രിയിലെ അതിക്രമം; ബംഗാളിൽ പുതിയ പ്രതിഷേധ മുന്നറിയിപ്പുമായി ഡോക്ടർമാ​ർ

കൊൽക്കത്ത: കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ ആശുപത്രിയിൽ രോഗിയുടെ ബന്ധുക്കൾ ആക്രമിച്ചുവെന്നാരോപിച്ച്  സർക്കാറിന് പുതിയ പണിമുടക്ക് മുന്നറിയിപ്പ് നൽകി ജൂനിയർ ഡോക്ടർമാരും നഴ്‌സുമാരും. നോർത്ത് 24 പർഗാനാസിലെ സാഗോർ ദത്ത മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ ഡോക്ടർമാർക്കും മെഡിക്കൽ സ്റ്റാഫിനും നേരെയാണ് ആക്രമണമുണ്ടായത്.

തിങ്കളാഴ്ചത്തെ സുപ്രീംകോടതി ഹിയറിംഗിനായി കാത്തിരിക്കുകയാണെന്നും സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ പണിമുടക്കുമെന്നും പശ്ചിമ ബംഗാൾ ജൂനിയർ ഡോക്‌ടേഴ്‌സ് ഫ്രണ്ട് പ്രതിനിധികൾ പറഞ്ഞു. തിങ്കളാഴ്ച ഉച്ചക്കു മുമ്പ് തങ്ങളുടെ ആവശ്യങ്ങൾ നടപ്പാക്കുന്നതിൽ സർക്കാർ രേഖാമൂലമുള്ള ഉറപ്പും സമയപരിധിയും നൽകിയാൽ തീരുമാനം പുനഃപരിശോധിക്കാൻ തയ്യാറാണെന്നും അവർ അറിയിച്ചു.

ആർ.ജി കാർ മെഡിക്കൽ കോളജിലെ ജൂനിയർ വനിതാ ഡോക്‌ടറെ ബലാത്സംഗം ചെയ്ത് ​കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് 42 നീണ്ട ദിവസത്തെ പ്രക്ഷോഭത്തിന് ശേഷം ജൂനിയർ ഡോക്ടർമാരുടെ സമരം ഭാഗികമായി പിൻവലിച്ചിരുന്നു. ജോലിയിൽ തിരികെ കൊണ്ടുവരാൻ സമരം ചെയ്യുന്ന ഡോക്ടർമാരുമായി സംസ്ഥാന സർക്കാർ പലവട്ടം ചർച്ച നടത്തിയതിനെ തുടർന്നായിരുന്നു ഇത്.

മെഡിക്കൽ കോളജുകളിലെ സുരക്ഷയും സംവിധാനങ്ങളും വർധിപ്പിക്കുന്നതിനെക്കുറിച്ച് ചീഫ് സെക്രട്ടറി ഒരു കൂട്ടം നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഇവയൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ചില മെഡിക്കൽ കോളജുകളിൽ സി.സി.ടി.വികൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ മാത്രമേ കാണാനാവുന്നുള്ളൂ. ചുരുക്കം ചില കോളജുകളിൽ ഡ്യൂട്ടി റൂമുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, മിക്ക മെഡിക്കൽ കോളജുകളിലും ഈ പ്രവൃത്തിയോ ഓരോ ടീച്ചിങ് ഹോസ്പിറ്റലിലും തത്സമയം കിടക്കയുടെ ലഭ്യത കാണിക്കുന്ന സംവിധാനം ഉണ്ടാക്കുന്നതി​ന്‍റെ പണിയോ പോലും ആരംഭിച്ചിട്ടില്ലെന്ന് ജൂനിയർ ഡോക്ടർമാർ പറഞ്ഞു.

Tags:    
News Summary - Bengal doctors threaten fresh protests over hospital violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.