കൊൽക്കത്ത: ഒടുവിൽ നാട്ടിൽ പോകാൻ ആസിഫിന് മാത്രമായി ഒരു വാഹനം ലഭിച്ചു. രണ്ടുനാൾകൊണ്ട് 2900 കി.മി താണ്ടി നാടണയുകയും ചെയ്തു. പക്ഷേ, പ്രിയപ്പെട്ടവരുടെ അരികിലെത്തുേമ്പാൾ ആ ശരീരത്തിൽ ജീവൻ നിലച്ചിരുന്നുവെന്നു മാത്രം.
കഴിഞ്ഞ ദിവസം എറണാകുളം കോടനാട്ടിൽ ആത്മഹത്യ ചെയ്ത ബംഗാൾ സ്വദേശിയായ ആസിഫ് ഇഖ്ബാൽ (22) എന്ന ചെറുപ്പക്കാരെൻറ മൃതദേഹമാണ് ചൊവ്വാഴ്ച നാട്ടിലെത്തിച്ചത്. നാട്ടിലേക്ക് പോകാനാവാത്തതിൽ മനംനൊന്താണ് ബംഗാൾ ദൊംകൽ സ്വദേശിയായ ആസിഫ് കോടനാട്ടിലെ താമസസ്ഥലത്തിനടുത്ത മാവിൻകൊമ്പിൽ ജീവിതം അവസാനിപ്പിച്ചതെന്ന് സുഹൃത്തുക്കൾ പറയുന്നു.
നാട്ടിലേക്ക് പോകാൻ വേണ്ടി രണ്ടു തവണ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു. രണ്ടു തവണയും യാത്ര മുടങ്ങി. ഇതിനിടെ നടന്നുപോകാനും ഈ ചെറുപ്പക്കാരൻ ആലോചിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. പെരുമ്പാവൂരിൽ ഇഷ്ടികക്കളത്തിലായിരുന്നു ആസിഫിന് ജോലി. ലോക്ഡൗൺ ആയതോടെ കൈയിൽ പണമോ ഭക്ഷണമോ ഇല്ലാതെ വിഷമിക്കുകയായിരുന്നു ആസിഫെന്ന് കുടുംബം പറഞ്ഞു.
നാട്ടിൽ മടങ്ങിയെത്തിയാൽ പിന്നെ ഒരിക്കലും തിരിച്ച് കേരളത്തിലേക്ക് പോകില്ലെന്ന് ആസിഫ് പറയുമായിരുന്നെന്ന് സഹോദരൻ അൻവർ ഹുസൈൻ സങ്കടത്തോടെ പറഞ്ഞു. മകൻ മരിച്ച വാർത്തയറിഞ്ഞ് ആസിഫ് ഇഖ്ബാലിെൻറ മാതാവ് ബോധരഹിതയായി. പിതാവ് ജാബെദ് മണ്ടൽ ദു:ഖമടക്കി കഴിയുന്നു.
നാട്ടുകാർ പിരിവെടുത്ത് 1.30 ലക്ഷം രൂപ ചെലവഴിച്ചാണ് ആസിഫിെൻറ മൃതദേഹം നാട്ടിലെത്തിച്ചത്. 48 മണിക്കൂർ കൊണ്ട് ആംബുലൻസ് ചൊവ്വാഴ്ച മുർഷിദാബാദിലെ ദൊംകൽ ജില്ലയിലെ ഷിറോപാറയിലെത്തി. ഉടൻ ഖബറടക്കുകയും ചെയ്തു.
അതേസമയം, കുടുംബപ്രശ്നവും മാനസിക പ്രശ്നവും കാരണമാണ് ആസിഫ് ആത്മഹത്യചെയ്തതെന്ന് കോടനാട് പൊലീസ് ‘മാധ്യമം ഓൺലൈനി’നോട് പറഞ്ഞു. മറ്റുകാര്യങ്ങൾ തങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.