ബംഗളൂരു: കർണാടകയിലെ കോവിഡ് ബെഡ് അഴിമതിയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. സപ്തഗിരി ആശുപത്രിയിലെ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആന്‍റണിയെയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കിടക്കകൾ നൽകുന്നതിനായി കോവിഡ് രോഗികളിൽ നിന്ന് ഇയാൾ പണം ഈടാക്കിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കേസിൽ ഇതുവരെ രണ്ട് ഡോക്ടർമാരടക്കം 10 പേർ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ രണ്ടു പ്രതികൾ കോവിഡ് ബാധിതരാണ്. അഴിമതിയുമായി ബന്ധപ്പെട്ട് 18ലധികം പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. എട്ട് വാർ റൂമുകളിലെയും സി.സി.ടി.വി കാമറ ദൃശ്യങ്ങളടക്കം സംഘം ശേഖരിച്ചിട്ടുണ്ട്.
ബംഗളൂരു കോർപറേഷനിലെ വാർ റൂമുകൾ കേന്ദ്രീകരിച്ച് നടന്ന കോവിഡ് ബെഡ് അഴിമതിയുമായി ബന്ധപ്പെട്ട കേസ് സെൻട്രൽ ക്രൈം ബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്.
ബംഗളൂരു കോർപറേഷനിലെ വാർ റൂമുകൾ കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതി തടയാൻ 'കേരള മോഡൽ' നടപ്പാക്കണമെന്ന് മൂന്നംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ശിപാർശ ചെയ്തിരുന്നു. കേരള സർക്കാറിന്‍റെ കോവിഡ് 19 ജാഗ്രത പോർട്ടലിന്റെ മാതൃകയിൽ സമഗ്രമായ ഡാഷ് ബോർഡാണ് ബി.ബി.എം.പിയും ഒരുക്കേണ്ടതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അഴിമതി സംഭവത്തിൽ മുസ്ലിം ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തി ബി.ജെ.പി എം.പി തേജസ്വി സൂര്യ രംഗത്തുവന്നത് ഏറെ വിവാദമായിരുന്നു. പിന്നീട് ബി.ജെ.പി എം.പിയുടെ ആരോപണം കളവാണെന്ന് തെളിയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.