ബംഗളൂരു: ബംഗളൂരു കോർപറേഷൻ (ബി.ബി.എം.പി) പരിധിയിലെ ആശുപത്രികളിൽ കോവിഡ് കിടക്ക അനുവദിക്കുന്നതിൽ അഴിമതി നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അഴിമതിക്ക് ചുക്കാൻ പിടിച്ചത് ബി.ജെ.പി എം.എൽ.എ സതീഷ് റെഡ്ഡിയുടെ പി.എ ആണെന്ന് സൂചന. ഇയാളുമായി ബന്ധമുള്ള ഇടനിലക്കാരൻ നിലവിൽ പൊലീസ് നിരീക്ഷണത്തിലാണ്. കോവിഡ് ബാധിതനായി ഇയാൾ ആശുപത്രിയിലായതിനാൽ ചോദ്യം ചെയ്യാനായിട്ടില്ല.
ഇയാൾക്ക് കോവിഡ് വാർ റൂമിലേക്ക് അനിയന്ത്രിതമായ പ്രവേശന അനുമതി ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇൗ സ്വാധീനം ഉപയോഗിച്ചായിരുന്നു അഴിമതി. അതേസമയം ബി.ജെ.പി എം.പി തേജസ്വി സൂര്യ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിച്ച മുസ്ലിം ജീവനക്കാർ സംഭവത്തിൽ നിരപരാധികളാണെന്നും പൊലീസ് പറയുന്നു. ഒരു കോവിഡ് കിടക്കക്ക് 15,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ നൽകാൻ തയ്യാറുള്ള രോഗികൾക്കായിരുന്നു മറിച്ച് നൽകിയിരുന്നത്. സംഭവത്തിൽ ഡോക്ടർമാർ, ആശുപത്രികൾ, ബിബിഎംപി ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കും പരിശോധിക്കുന്നുണ്ടെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം ബംഗളൂരു കേന്ദ്ര ക്രൈംബ്രാഞ്ച് (സിസിബി) പോലീസിന് കൈമാറിയിരുന്നു. സംഭവത്തിൽ ബി.ജെ.പി എം.എൽ.എ സതീഷ് റെഡ്ഡിക്കും അദ്ദേഹത്തിനൊപ്പം ആശുപത്രിയിലെത്തിയ തേജസ്വി സൂര്യ എം.പിക്കുമെതിരേ കേസെടുക്കണമെന്ന് നേരത്തേ കോൺഗ്രസും ആം ആദ്മി പാർട്ടിയും ആവശ്യപ്പെട്ടിരുന്നു.
'കൂട്ടാളികളുടെ സഹായത്തോടെ കോവിഡ് കിടക്കയിൽ അഴിമതി നടത്തിയ സതീഷ് റെഡ്ഡിയേയും, അദ്ദേഹത്തെ അനുഗമിച്ച് ആശുപത്രിയിലെത്തിയ യുവ എം.പിയേും അറസ്റ്റ് ചെയ്യണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണം.'-മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ്സ് ആവശ്യപ്പെട്ടു. തങ്ങളുടെ കൂട്ടാളികൾ പിടിക്കപ്പെടുമെന്നായപ്പോൾ ആശുപത്രിയിൽ ജോലിയിലുണ്ടായിരുന്ന മുസ്ലിം ജീവനക്കാർ, കിടക്ക നൽകാതെ ഹിന്ദു രോഗികളെ കൊല്ലുന്നു എന്ന ആരോപണവുമായി തേജസ്വി യാദവും സംഘവും ആശുപത്രി നാടകം ആസൂത്രണം ചെയ്തതായാണ് സൂചന. തേജസ്വി യാദവിെൻറ മുസ്ലിം ജീവനക്കാരെ എന്തിന് നിയമിച്ചുവെന്ന് ചോദിച്ചുകൊണ്ടുള്ള വർഗീയ പരാമർശങ്ങളോടെയുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ബി.ബി.എം.പിയിൽ ജോലിചെയ്യുന്ന 205 ആളുകളിൽ 17 മുസ്ലിംകളെ തെരഞ്ഞുപിടിച്ച് ഹിന്ദുക്കളെ കൊല്ലാനായി ജോലിയിൽ കയറിക്കൂടിയ ജിഹാദികളെന്നാണ് സംഘപരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത്. ഇൗ 17 പേരെ പിന്നീട് ജോലിയിൽനിന്ന് നീക്കം ചെയ്തിരുന്നു. ആശുപത്രിക്കിടക്ക ബുക്ക് ചെയ്യുന്നതിലെ അഴിമതിയുമായി ബന്ധപ്പെട്ട് പിന്നീട് നാലുപേർ അറസ്റ്റിലായി. ബി.ബി.എം.പിയുടെ വിവിധ ഹെൽപ്ലൈനുകളിൽ പ്രവർത്തിക്കുന്ന റിഹാൻ, ശശി, രോഹിത്, നേത്രാവതി എന്നിവരാണ് അറസ്റ്റിലായതെന്ന് ക്രൈം വിഭാഗം ജോയൻറ് കമീഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു.
ബി.ബി.എം.പിയുടെ എട്ട് സോണുകളിലെ കോവിഡ് വാർ റൂമുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളുടെ പേരിൽ വിവിധ ആശുപത്രികളിൽ കോവിഡ് ബെഡ് ബുക്ക് ചെയ്യുകയും ഇത് പിന്നീട് പണം നൽകി അത്യാവശ്യക്കാർക്ക് കൈമാറിയതായാണ് കണ്ടെത്തിയത്.
സംഭവം വർഗീയവത്കരിച്ച് തേജസ്വി സൂര്യ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. അഴിമതി വെളിപ്പെടുത്താൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിന് പിന്നാലെ അദ്ദേഹം പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് വർഗീയ പരാമർശങ്ങൾ നടത്തിയത്. ബി.ബി.എം.പി സൗത്ത് സോണിലെ 16 മുസ്ലിം ജീവനക്കാരുടെ പേര് വിഡിയോയിൽ എടുത്തുപറഞ്ഞ എം.പി, എന്തടിസ്ഥാനത്തിലാണ് ഇവരെ നിയമിച്ചതെന്ന് ചോദിച്ചു. എം.എൽ.എമാരായ രവി സുബ്രഹ്മണ്യ, ഉദയ് ഗരുഡാചർ, സതീഷ് റെഡ്ഡി എന്നിവരും എം.പിക്കൊപ്പമുണ്ടായിരുന്നു. ഇത് മദ്റസയാണോ അതോ കോർപറേഷനാണോ എന്നായിരുന്നു രവി സുബ്രഹ്മണ്യ എം.എൽ.എയുടെ ചോദ്യം. വീഡിയോ കടുത്ത വർഗീയ പരാമർശങ്ങളോടെ വാട്സ്ആപ്പിൽ അതിവേഗം പ്രചരിച്ചു. 'ആയിരക്കണക്കിന് ബംഗളൂരുകാരെ കൊല്ലാൻ ബി.ബി.എം.പി വാർ റൂമിൽ പ്രവർത്തിക്കുന്ന തീവ്രവാദികളുടെ ലിസ്റ്റ്' എന്നായിരുന്നു വിഡിയോക്കൊപ്പം പ്രചരിച്ച ഒരു സന്ദേശം.
തെറ്റായ രീതിയിൽ തെൻറ പേരടക്കം ഉൾപ്പെടുത്തിയ ലിസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ ബി.ബി.എം.പി ജോയൻറ് കമീഷണർ സർഫറാസ് ഖാൻ പൊലീസ് പരാതി നൽകിയിരുന്നു. ബൊമ്മനഹള്ളി ബി.ജെ.പി എം.എൽ.എയാണ് ആരോപണ വിധേയനായ സതീഷ് റെഡ്ഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.