ബംഗളൂരു: ബംഗളൂരുവിലെ അനാഥാലയവുമായി ബന്ധപ്പെട്ട വിവാദത്തിൽ ദേശീയ ബാലാവകാശ സംരക്ഷണ കമീഷൻ ചെയർമാൻ പ്രിയങ്ക് കാനൂംഗോക്കെതിരെ കേസെടുത്തു. അനാഥാലയത്തിൽ അതിക്രമിച്ചു കയറുകയും വിഡിയോ പകർത്തി സമൂഹ മാധ്യമത്തിൽ അപവാദപ്രചാരണം നടത്തുകയും ചെയ്തെന്ന ഓർഫനേജ് അധികൃതരുടെ പരാതിയിൽ ഡി.ജെ ഹള്ളി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അനാഥാലയത്തിലെ കുട്ടികൾ ‘മധ്യകാല താലിബാൻ ജീവിതം’ ആണ് നയിക്കുന്നതെന്ന് പ്രിയങ്ക് കാനൂംഗോ ‘എക്സി’ൽ വിഡിയോ പങ്കുവെച്ച് ആരോപണം ഉന്നയിച്ചിരുന്നു.
കാവൽ ബൈരസാന്ദ്രയിൽ ദാറുൽ ഉലൂം സഈദിയ്യ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ദാറുൽ ഉലൂം സഈദിയ്യ യതീംഖാനയുമായി ബന്ധപ്പെട്ടാണ് വിവാദം. പ്രിയങ്ക് കാനൂംഗോ അടങ്ങുന്ന സംഘം കഴിഞ്ഞ നവംബർ 19ന് ബംഗളൂരു ഈസ്റ്റ് ജില്ല ബാല സംരക്ഷണ ഓഫിസർക്കൊപ്പം അനാഥാലയത്തിൽ മിന്നൽ സന്ദർശനം നടത്തിയിരുന്നു. സന്ദർശനത്തിനിടെ സ്ഥാപനത്തിലെ ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തി ഗുരുതര ആരോപണങ്ങൾ സഹിതം ‘എക്സി’ൽ പങ്കുവെക്കുകയായിരുന്നു.
ദേശീയ മനുഷ്യാവകാശ കമീഷൻ അംഗങ്ങളാണെന്ന് പറഞ്ഞാണ് സംഘം അനാഥാലയത്തിൽ അതിക്രമിച്ച് കടന്നതെന്നും അവിടത്തെ വിദ്യാർഥികളുടെ ജീവിതത്തെ താലിബാനുമായി താരതമ്യപ്പെടുത്തി അപവാദം പ്രചരിപ്പിച്ചെന്നും യതീംഖാന സെക്രട്ടറി അഷ്റഫ് ഖാൻ പരാതിയിൽ ചൂണ്ടിക്കാട്ടി. പരാതിയുടെ അടിസ്ഥാനത്തിൽ നവംബർ 21നാണ് പ്രിയങ്കിനെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 34 (സംഘംചേർന്നുള്ള പ്രവൃത്തി), 447 (കുറ്റകരമായ കൈയേറ്റം), 448 (വീട്ടിൽ അതിക്രമിച്ചു കയറൽ), 295 എ (മതത്തെയോ മതവിശ്വാസത്തെയോ അപമാനിക്കുന്നതിലൂടെ മതവികാരത്തെ വ്രണപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
എന്നാൽ, കർണാടക സർക്കാർ ഉദ്യോഗസ്ഥർക്കൊപ്പമാണ് താൻ അനാഥാലയം സന്ദർശിച്ചതെന്നും എന്നിട്ടും തനിക്കെതിരെ കൈയേറ്റത്തിന് കേസെടുത്തതായും പ്രിയങ്ക് കാനൂംഗോ പ്രതികരിച്ചു. ആരെങ്കിലും കുട്ടികളെ നിയമവിരുദ്ധമായി താമസിപ്പിച്ചിട്ടുണ്ടെങ്കിൽ ഇനിയും പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അനാഥാലയ അധികൃതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് പ്രിയങ്ക് കർണാടക ചീഫ് സെക്രട്ടറിയോട് കത്തിൽ ആവശ്യപ്പെട്ടിരുന്നു. 2015ലെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അനാഥാലയം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും നിയമപ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ കുട്ടികൾക്കായി ഒരുക്കിയിട്ടില്ലെന്നും ആരോപിച്ചിരുന്നു.
100 ചതുരശ്ര അടി വീതമുള്ള അഞ്ച് മുറികളിലായി എട്ട് കുട്ടികളെ വീതം താമസിപ്പിച്ചിരുന്നതായും 16 കുട്ടികൾക്കായി ഇടനാഴിയിൽ കട്ടിലുകൾ സജ്ജീകരിച്ചിരുന്നതായും 150 വിദ്യാർഥികൾ രണ്ടു വലിയ ഹാളുകളിലായി കഴിഞ്ഞിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളെ സ്കൂളിലേക്ക് അയക്കാത്തത് മൗലികാവകാശ ലംഘനമാണ്. കളിക്കാനുള്ള ഉപകരണങ്ങളോ വിനോദത്തിനായി ടി.വി അടക്കമുള്ള സൗകര്യങ്ങളോ ഏർപ്പെടുത്തിയിരുന്നില്ല. 2015ലെ ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ 75ാം വകുപ്പു പ്രകാരമുള്ള ലംഘനങ്ങളാണ് അനാഥാലയത്തിൽ കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. കത്ത് ലഭിച്ച് ഒരാഴ്ചക്കകം വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നായിരുന്നു കർണാടക ചീഫ് സെക്രട്ടറിയോടുള്ള നിർദേശം.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് മതവിദ്വേഷം പരത്താനാണ് ദേശീയ ബാലാവകാശ സംരക്ഷണ കമീഷൻ ചെയർമാൻ ശ്രമിച്ചതെന്ന് അനാഥാലയ അധികൃതർ നൽകിയ പരാതിയിൽ കുറ്റപ്പെടുത്തി. മനുഷ്യാവകാശ കമീഷൻ അംഗമാണെന്ന് പറഞ്ഞ് വന്ന അദ്ദേഹം അനാഥാലയം മുഴുവൻ പരിശോധിച്ചു. ഉച്ചഭക്ഷണം കഴിഞ്ഞ് കുട്ടികൾ കിടന്നുറങ്ങുന്ന സമയമായിരുന്നു അത്. സൗകര്യങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം വികസനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കാമെന്നും പറഞ്ഞു.
കോവിഡ് കാലത്ത് മാതാപിതാക്കൾ നഷ്ടപ്പെട്ട 60 കുട്ടികളെ ഈ അനാഥാലയത്തിൽ സംരക്ഷിക്കുന്നതായി തങ്ങൾ അദ്ദേഹത്തെ അറിയിച്ചതായും അനാഥാലയ സെക്രട്ടറി അഷ്റഫ് ഖാൻ പറഞ്ഞു. പൊതുജനങ്ങളിൽനിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് 200ഓളം വിദ്യാർഥികളെ സംരക്ഷിക്കുന്നതെന്നും 1980 മുതൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ കുറിച്ച് ഇതുവരെ ഒരു പരാതിയും ഉയർന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.