ബംഗളൂരു: പ്രവാചകനെ അവഹേളിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ അറസ്റ്റിലായ പി. നവീൻ (26) കുറ്റം സമ്മതിച്ചതായി ഡി.ജെ ഹള്ളി പൊലീസ് വെളിപ്പെടുത്തി. ആഗസ്റ്റ് 12ന് ഇയാളെ അറസ്റ്റ് ചെയ്തശേഷം ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടത്തിൽ നവീൻ കുറ്റം നിഷേധിച്ചിരുന്നു. വിവാദ പോസ്റ്റ് താനിട്ടതല്ലെന്നും തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നുമായിരുന്നു ഇയാളുടെ വാദമെന്ന് ബംഗളൂരു ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണർ എസ്.ഡി. ശരണപ്പ പറഞ്ഞു.
പുലികേശി നഗർ കോൺഗ്രസ് എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ സഹോദരീ പുത്രനാണ് അറസ്റ്റിലായ നവീൻ. എം.എൽ.എയുടെ ബന്ധുവാണെങ്കിലും നവീൻ ബി.ജെ.പി അനുഭാവിയാണെന്ന് തെളിയിക്കുന്ന എഫ്.ബി പോസ്റ്റുകൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു.ഇയാളുടെ അറസ്റ്റ് ആവശ്യപ്പെട്ട് ആഗസ്റ്റ് 11ന് രാത്രി നടന്ന പ്രതിഷേധം ഡി.ജെ ഹള്ളി, കെ.ജി ഹള്ളി, കാവൽ ബൈരസാന്ദ്ര മേഖലയിൽ വ്യാപക അക്രമത്തിൽ കലാശിച്ചിരുന്നു. വിദ്വേഷ പോസ്റ്റിനെതിരെ പരാതി നൽകിയിട്ടും നവീനെതിരെ പൊലീസ് നടപടി വൈകിയതാണ് അക്രമത്തിലേക്ക് വഴിവെച്ചതെന്ന് പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.
പ്രതിഷേധക്കാർ ഡി.ജെ ഹള്ളി സ്റ്റേഷൻ ആക്രമിച്ചതിന് പിന്നാലെ ലാത്തിച്ചാർജും ടിയർ ഗ്യാസ് പ്രയോഗവും ഫലിക്കാതെ വന്നതോടെയാണ് പൊലീസ് വെടിയുതിർത്തത്. വെടിവെപ്പിൽ മൂന്നു യുവാക്കൾ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.