രാഹുൽ ഗാന്ധിയുടെ യാത്രയുടെ പേരും റൂട്ടും മാറ്റി; 'ഭാരത് ജോഡോ ന്യായ് യാത്ര' 14ന് തുടങ്ങും

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ രണ്ടാം ഘട്ട ജാഥയുടെ പേരിനും റൂട്ടിനും മാറ്റങ്ങൾ വരുത്തി. യാത്രയുടെ പേര് 'ഭാരത് ജോഡോ ന്യായ് യാത്ര' എന്നാക്കി നിശ്ചയിച്ചു. അരുണാചൽ പ്രദേശിനെ കൂടി യാത്രയുടെ ഭാഗമാക്കി റൂട്ട് പുനർനിശ്ചയിച്ചു. ജനുവരി 14ന് മണിപ്പൂരിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. 66 ദിവസം നീളുന്ന യാത്ര മാർച്ച് 20 ന് മുംബൈയിൽ സമാപിക്കും.

നേരത്തെ 'ഭാരത് ന്യായ് യാത്ര' എന്ന പേരാണ് രണ്ടാം ഘട്ട യാത്രക്ക് തീരുമാനിച്ചിരുന്നെങ്കിലും ഭാരത് ജോഡോ യാത്ര സൃഷ്ടിച്ച ഓളം നിലനിർത്താൻ ജോഡോ എന്ന വാക്ക് കൂട്ടിച്ചേർക്കാൻ തീരുമാനിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

ബസിലും കാൽനടയായും 6,700 കിലോമീറ്റർ ദൂരമായിരിക്കും ജാഥ താണ്ടുക. ഇംഫാലിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ഫ്ലാഗ് ഓഫ് ചെയ്യുക. മണിപ്പൂർ, നാഗാലാൻഡ്, അസം, അരുണാചൽ പ്രദേശ്, മേഘാലയ എന്നിവിടങ്ങളിലൂടെ കടന്ന് പശ്ചിമ ബംഗാൾ പോയി തിരിച്ച് മധ്യേന്ത്യയിലെത്തും.

മാസങ്ങൾ നീണ്ട വംശീയ കലാപത്തിന് ശേഷവും സാധാരണ നിലയിലെത്താൻ പാടുപെടുന്ന വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ രാഹുൽ ഗാന്ധിയുടെ യാത്ര മുറിവുണക്കാൻ കൂടിയാണെന്ന് ഐ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. 



 ഭാരത് ജോഡോ ന്യായ് യാത്രയുടെ റൂട്ട് മാപ്പ്

• മണിപ്പൂരിലെ നാല് ജില്ലകളിലൂടെ 107 കിലോമീറ്റർ സഞ്ചരിക്കും.

• നാഗാലാൻഡിൽ അഞ്ച് ജില്ലകളിലൂടെ കടന്ന് 257 കിലോമീറ്റർ ദൂരം താണ്ടും.

• അസമിൽ 17 ജില്ലകളിലൂടെ 833 കിലോമീറ്റർ.

• അരുണാചൽ പ്രദേശ് 55 കിലോമീറ്റർ (ഒരു ജില്ല).

• മേഘാലയയിൽ 5 കിലോമീറ്റർ ദൂരം (ഒരു ജില്ല)

• പശ്ചിമ ബംഗാളിൽ ഏഴു ജില്ലകളിലൂടെ 523 കിലോമീറ്റർ.

• ബീഹാറിൽ ഏഴു ജില്ലകളിലൂടെ 425 കിലോമീറ്റർ .

• ഇതിനുശേഷം ജാർഖണ്ഡിലേക്ക് പോകുന്ന യാത്ര 804 കിലോമീറ്റർ യാത്രയിൽ 13 ജില്ലകളിലെത്തും.

• ഒറീസയിൽ നാല് ജില്ലകളിലൂടെ 341 കിലോമീറ്റർ താണ്ടും.

• ഛത്തീസ്ഗഡ് ഏഴു ജില്ലകളിലൂടെ 536 കിലോമീറ്റർ.

• ഉത്തർപ്രദേശിൽ 20 ജില്ലകളിലൂടെ 1,074 കിലോമീറ്റർ.

• മധ്യപ്രദേശിൽ ഒമ്പത് ജില്ലകളിലൂടെ 698 കിലോമീറ്റർ.

• രാജസ്ഥാനിൽ രണ്ടു ജില്ലകളിലൂടെ 128 കിലോമീറ്റർ.

• ഗുജറാത്തിൽ ഏഴു ജില്ലകളിലൂടെ 445 കിലോമീറ്റർ.

• മഹാരാഷ്ട്രയിൽ ആറ് ജില്ലകളിലൂടെ 480 കിലോമീറ്റർ സഞ്ചരിക്കും.

Tags:    
News Summary - Bharat Jodo Nyay Yatra: Congress Tweaks Name Of Rahul Gandhi's March 2.0

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.