സര്‍വിസ് ചാര്‍ജ് ഈടാക്കുന്നത് തുടരുന്നു

തിരുവനന്തപുരം: ഡിജിറ്റല്‍ ഇടപാടുകള്‍ക്കായുള്ള ആഹ്വാനങ്ങള്‍ക്ക് കുറവില്ളെന്നിരിക്കെ ഉപഭോക്താവ് അറിയാതെ കീശ ചോരുന്നതിനും കണക്കില്ല. കാര്‍ഡ് ഉരസി സാധനങ്ങള്‍ വാങ്ങാവുന്ന പി.ഒ.എസില്‍ മുതല്‍  വെബ്-ആപ് അധിഷ്ഠിത ഇടപാടുകളില്‍ വരെ സര്‍വിസ് ചാര്‍ജ് വില്ലനാവുകയാണ്. ഇവ വസൂലാക്കുന്നത് സ്വകാര്യ കമ്പനികളാണ്. കാര്‍ഡ് വഴിയുള്ള ഇടപാടുകളില്‍ സര്‍വിസ് ചാര്‍ജ് കുറക്കുമെന്നും ഒഴിവാക്കുമെന്നും പ്രഖ്യാപനങ്ങളുണ്ടായെങ്കിലും കോടികള്‍ മുതല്‍ മുടക്കി നടത്തുന്ന ക്രെഡിറ്റ്-ഡെബിറ്റ്  കാര്‍ഡ് ബിസിനസ് സൗജന്യമായി ചെയ്തുകൊടുക്കാന്‍ എത്ര സ്ഥാപനങ്ങള്‍ തയാറാകും എന്നതിനും ഉത്തരമില്ല. ഉപഭോക്താക്കളെ പ്രലോഭിപ്പിച്ച് സൗജന്യ എ.ടി.എം കാര്‍ഡ് ഉടമകളാക്കിയ ബാങ്കുകള്‍ ഒരു സുപ്രഭാതത്തില്‍  ഇടപാടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതും തുകയീടാക്കിയതും സമീപകാല യാഥാര്‍ഥ്യങ്ങളാണ്. ഡിജിറ്റല്‍ രേഖകളുടെ സുരക്ഷയുടെ കാര്യത്തിലും വ്യക്തതയില്ല.

തിരുവനന്തപുരത്തെ  എ.ടി.എമ്മില്‍ മോഷ്ടാക്കള്‍ കടന്ന് പിന്‍ നമ്പര്‍ സഹിതം കൈക്കലാക്കിയതിനെ തുടര്‍ന്ന് 32 ലക്ഷം ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളാണ് ഒരു ബാങ്ക് അസാധുവാക്കിയത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഭീം ആപ് ഹിറ്റ് ആണെന്ന് അവകാശ വാദമുണ്ടെങ്കിലും കേരളത്തിന്‍െറ സ്വന്തം ബാങ്കായ എസ്.ബി.ടി പടിക്ക് പുറത്താണ്. ന്യൂജനറേഷന്‍ ബാങ്കുകള്‍ക്കടക്കം ആപ്പില്‍ ഇടം നല്‍കിയപ്പോഴാണിത്.  ലക്ഷക്കണക്കിന് അക്കൗണ്ടുകളാണ് എസ്.ബി.ടിക്കുള്ളത്. ബാങ്ക് ലയനമാണ് കാരണമാക്കിയതെങ്കില്‍ നിലവിലെ എസ്.ബി.ടി അക്കൗണ്ട് ഉടമകള്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുമില്ല. മറുവശത്ത് നിരോധനത്തിന്‍െറ രണ്ട് മാസം പിന്നിടുമ്പോള്‍ പൊതുധനസ്ഥിതിക്കൊപ്പം സര്‍ക്കാറിന്‍െറ ധനസ്ഥിതിയും ഗുരുതരാവസ്ഥയിലാണ്.

പൊതുവിനിമയത്തിനടക്കം സംസ്ഥാനത്തിന്‍െറ ആവശ്യകതക്കനുസരിച്ചുള്ള നോട്ട് സമീപദിവസങ്ങളിലൊന്നും റിസര്‍വ് ബാങ്കില്‍നിന്ന്  ലഭിക്കില്ളെന്നാണ് വിവരം. പണലഭ്യത മാത്രമല്ല, പണത്തിന്‍െറ കൈമാറ്റ വേഗവും ഇനിയും മന്ദീഭവിക്കും. ഇത് ഉല്‍പാദന വളര്‍ച്ചയെ പ്രതികൂലമായും ബാധിക്കും. സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ക്കും ഉടന്‍ അറുതിയാവില്ല. എ.ടി.എമ്മുകളില്‍നിന്ന് നിലവിലെ 2500 രൂപയുടെ പ്രതിദിന പിന്‍വലിക്കല്‍ പരിധി  4500 രൂപയാക്കി ഉയര്‍ത്തിയെന്നത് ആശ്വാസ നടപടിയായി പറയുന്നുണ്ടെങ്കിലും ആഴ്ചയിലെ പരിധി  24000തന്നെയാണ്. ഫലത്തില്‍ ഇത് വലിയ പ്രയോജനമുണ്ടാകില്ല. റിസര്‍വ് ബാങ്കിന്‍െറ മേഖല കേന്ദ്രം പുതിയ 500ന്‍െറ നോട്ട് ആവശ്യപ്പെട്ടിട്ട് ഇതുവരെയും ലഭ്യമാക്കിയിട്ടില്ല.

 

Tags:    
News Summary - bhim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.