ഭീമ -കൊറേഗാവ്​ കേസ്​: സുധ ഭരദ്വാജിൻെറ ജാമ്യാപേക്ഷ ബോംബെ ഹൈകോടതി തള്ളി

മുംബൈ: ഭീമ കൊറേഗാവ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സാമൂഹിക പ്രവർത്തക സുധ ഭരദ്വാജി​െൻറ ജാമ്യ ഹരജി ബേംബെ ഹൈകോടതി തള്ളി. കടുത്ത പ്രമേഹവും ഹൃദ്രോഗവുമുള്ള തനിക്ക്​ ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്നാണ്​ അവർ ആവശ്യപ്പെട്ടിരുന്നത്​. എന്നാൽ ജയിലിൽ മതിയായ ചികിത്സ നൽകുന്നത്​ തുടരണമെന്ന്​ നിർദേശിച്ചുകൊണ്ട്​ കോടതി​ ജാമ്യാപേക്ഷ തള്ളി. ജസ്റ്റിസുമാരായ ആർ.ഡി ധനുക്ക, വി.ജി ബിഷ്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ്​ ഹരജി തള്ളിയത്​.

മുംബൈ ബൈകുള വനിതാ ജയിലിൽ കഴിയുന്ന സുധ ഭരദ്വാജി​​െൻറ ആരോഗ്യനില സംബന്ധിച്ച  റിപ്പോർട്ട്​ ജയിൽ അധികൃതർ കോടതിയിൽ സമർപ്പിച്ചിരുന്നു. റിപ്പോർട്ടിൽ സുധ ഭരദ്വാജിന്​ പ്രമേഹവും ഹൈപ്പർ ടെൻഷനുമുണ്ടെന്നും മെഡിക്കൽ ഓഫിസർ ജയിലിലെത്തി പരിശോധിച്ചതായും നിലവിൽ അവരുടെ അവസ്ഥ തൃപ്തികരമാണെന്നും രേഖപ്പെടുത്തിയിരുന്നു.

എല്‍ഗാര്‍ പരിഷത്ത്​ കേസിൽ പ്രതികളായ ഭരദ്വാജ്, ആനന്ദ് തെൽതുംബ്​ഡെ, വെർനോൺ ഗോൺസാൽവസ് എന്നിവരുടെ ഏറ്റവും പുതിയ മെഡിക്കൽ റിപ്പോർട്ടുകളുടെ പകർപ്പുകൾ അവരുടെ കുടുംബങ്ങൾക്കും അഭിഭാഷകർക്കും ദേശീയ അന്വേഷണ ഏജൻസിക്കും നൽകണമെന്ന് ചൊവ്വാഴ്ച ഹൈകോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. . പ്രതികൾക്കും അവരുടെ കുടുംബങ്ങൾക്കും അവരുടെ ആരോഗ്യനില അറിയാൻ അവകാശമുണ്ടെന്നും കാലതാമസമില്ലാതെ റിപ്പോർട്ടുകൾ നൽകണമെന്നും കോടതി വിലയിരുത്തിയിരുന്നു.

വരവര റാവു, വെര്‍നോന്‍ ഗോണ്‍സാല്‍വ്‌സ്, അരുണ്‍ ഫെറെറ, ഗൗതം നവ്‌ലാഖ തുടങ്ങിയവര്‍ക്കൊപ്പം 2018 ലാണ് എല്‍ഗാര്‍ പരിഷത്ത്​ സംഘാടനവുമായി ബന്ധപ്പെട്ട് സുധാ ഭരദ്വാജിനെ അറസ്റ്റ് ചെയ്തത്. 2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവ് 200ാം വാര്‍ഷിക ആഘോഷങ്ങള്‍ക്കിടയില്‍ ഒരാള്‍ മരിക്കാനും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കാനുമിടയായ സംഭവത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസിൻെറ ആരോപണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.