പാറ്റ്ന: ബിഹാറിലെ രണ്ടു നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ലാലു പ്രസാദ് യാദവിന്‍റെ രാഷ്ട്രീയ ജനതാദളും (ആർ.ജെ.ഡി) ബി.ജെ.പിയും വിജയിച്ചു. ആർ.ജെ.ഡിയുടെയും ബി.ജെ.പിയുടെയും സിറ്റിങ് സീറ്റുകൾ ഇരുപാർട്ടികൾ നിലനിർത്തുകയാണ് ചെയ്തത്.
തെക്കൻ ബിഹാറിലെ ജഹാനാബാദ് സീറ്റിൽ ആർ.ജെ.ഡി സ്ഥാനാർഥി മോഹന്‍ യാദവ് വിജയിച്ചു. ഇവിടെ ജെ.ഡി.യു സ്ഥാനാർഥി അഭിരാം ശർമയാണ് രണ്ടാം സ്ഥാനത്ത്. 2015ലെ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡിയുടെ മുദ്രികാ സിങ് യാദവ് 30,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ രാഷ്ട്രീയ ലോക് ജനശക്തി പാർട്ടിയിലെ പ്രവീൺ കുമാറിനെ ആണ് പരാജയപ്പെടുത്തിയത്.
പടിഞ്ഞാറൻ ബിഹാറിലെ ബബുവ സീറ്റിൽ ബി.ജെ.പിയുടെ സ്ഥാനാർഥി റിങ്കി റാണി പാണ്ഡെ വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി ശംഭു സിങ് പട്ടേൽ രണ്ടാം സ്ഥാനത്തെത്തി. 2015ലെ തെരഞ്ഞെടുപ്പിൽ 7,700 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ബി.ജെ.പി സ്ഥാനാർഥി ആനന്ദ് ഭൂഷൺ പാണ്ഡെ ജെ.ഡി.യുവിന്‍റെ പ്രമോദ് കുമാർ സിങ്ങിനെ തോൽപിച്ച മണ്ഡലമാണിത്.
അതേസമയം, ബിഹാറിൽ അരാരിയ ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പിയും ആർ.ജെ.ഡിയും വാശിയേറിയ മത്സരത്തിലാണ്. ഏറ്റവും ഒടുവിൽ കിട്ടിയ റിപ്പോർട്ട് അനുസരിച്ച് ആർ.ജെ.ഡിയിലെ സർഫ്രാസ് ആലം 57,791 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.