പട്ന: ബിഹാറിൽ മൂന്നിലൊന്ന് കുടുംബങ്ങളും കഴിയുന്നത് പട്ടിണിയിൽ. ഇവരുടെ മാസവരുമാനം ആറായിരത്തിൽ താഴെ. നിയമസഭയിൽ വെച്ച ജാതി സർവേ റിപ്പോർട്ടിലാണ് ഈ വിവരം. ദലിത്, ആദിവാസി വിഭാഗങ്ങളിൽ പട്ടിണിനിരക്ക് വളരെ കൂടുതലാണെങ്കിലും ഉയർന്ന ജാതി വിഭാഗക്കാരിലും പട്ടിണിക്കാരുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
അതിനിടെ, മറ്റ് പിന്നാക്ക വിഭാഗക്കാർ, പട്ടികജാതി-വർഗ വിഭാഗം എന്നിവർക്കുള്ള സംവരണം ഉയർത്തുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സൂചന നൽകി. ഇതിനായി സഭയുടെ നടപ്പുസമ്മേളനത്തിൽ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ജാതി സെൻസസ് റിപ്പോർട്ടിന്മേലുള്ള ചർച്ചക്കിടെയാണ് നിതീഷ് ഇക്കാര്യം പറഞ്ഞത്. നിലവിൽ എസ്.സി-എസ്.ടി സംവരണം സംയുക്തമായി 17 ശതമാനമാണ്. ഇത് 22 ശതമാനമാക്കണം. അതുപോലെ ഒ.ബി.സി സംവരണം 50ൽനിന്ന് 65 ശതമാനമാക്കണം. -നിതീഷ് അഭിപ്രായപ്പെട്ടു.
സെൻസസ് പ്രകാരം സംസ്ഥാനത്തെ ഒ.ബി.സിക്കാരുടെ സാന്നിധ്യം 63 ശതമാനമാണ്. വിഷയത്തിൽ മതിയായ കൂടിയാലോചനകൾ നടത്തി നടപ്പു സമ്മേളനത്തിൽത്തന്നെ നിയമം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് നിതീഷ് വ്യക്തമാക്കി. 94 ലക്ഷം ദരിദ്ര കുടുംബങ്ങൾക്ക് ഏതെങ്കിലും ഉപജീവനമാർഗം തുടങ്ങാനായി രണ്ടുലക്ഷം രൂപ വീതം നൽകാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. ചിലർ പറയുന്നത്, ചില ജാതിവിഭാഗങ്ങളുടെ കണക്ക് പെരുപ്പിച്ചുകാണിച്ച് മറ്റ് വിഭാഗങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നുവെന്നാണ്. ഈ വിമർശനം അസംബന്ധമാണെന്ന്, ജാതി സെൻസസിൽ കേന്ദ്രമന്ത്രി അമിത് ഷാ നടത്തിയ വിമർശനം സൂചിപ്പിച്ച് നിതീഷ് പറഞ്ഞു.
തന്റെ സ്വന്തം സമുദായത്തിന്റെ പോലും എണ്ണം കുറഞ്ഞതായാണ് കണക്കു പറയുന്നത്. നമ്മുടെ മുന്നിൽ ഈ വിഷയത്തിൽ കൃത്യമായ കണക്കുണ്ടായിരുന്നില്ല. ഏകദേശ ധാരണകൾ മാത്രമാണുണ്ടായിരുന്നത്. 1931ലാണ് ജാതി തിരിച്ചുള്ള സർവേ അവസാനം നടന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസം കൂടിയതോടെ ജനനനിരക്ക് കുറഞ്ഞ കാര്യവും ഓർക്കണം. സർവേ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറും. ഏറ്റവും മോശം നിലയിലുള്ളവർക്ക് കൂടുതൽ സഹായം നൽകാൻ ആവശ്യപ്പെടും. ബിഹാറിന് പ്രത്യേക പദവിയെന്ന ആവശ്യവും വീണ്ടും ഉന്നയിക്കുകയാണ്. ബിഹാർ ജാതി സെൻസസ്, സമാന രീതിയിൽ അഖിലേന്ത്യാടിസ്ഥാനത്തിൽ സെൻസസ് നടത്തണമെന്ന തന്റെ ആവശ്യം പരിഗണിക്കാൻ കേന്ദ്രത്തെ നിർബന്ധിതമാക്കുമെന്നും നിതീഷ് പറഞ്ഞു.
സംസ്ഥാനത്ത് 2.97 കോടി കുടുംബങ്ങളാണുള്ളത്. ഇതിൽ 94 ലക്ഷം ദരിദ്രരാണ് (34.13 ശതമാനം). തൊഴിലിനും വിദ്യാഭ്യാസത്തിനുമായി 50 ലക്ഷത്തിലധികം ബിഹാറികൾ സംസ്ഥാനത്തിന് പുറത്താണ്. ഇതിൽ 46 ലക്ഷം പേർ മറ്റു സംസ്ഥാനങ്ങളിലും 2.17 ലക്ഷം പേർ വിദേശത്തുമാണ്. ഇതരസംസ്ഥാനങ്ങളിൽ പഠിക്കുന്നവർ 5.52 ലക്ഷം പേരാണ്. 27,000 പേർ വിദേശത്ത് പഠിക്കുന്നു.
സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യയുടെ 60 ശതമാനവും മറ്റ് പിന്നാക്കവിഭാഗക്കാരും അതിപിന്നാക്ക വിഭാഗക്കാരുമാണ്. ഉന്നതജാതിക്കാർ പത്തു ശതമാനമാണ്.
ഉന്നതജാതിക്കാരിലെ പട്ടിണി 25 ശതമാനത്തിലധികമാണ്. എണ്ണത്തിൽ വളരെ കുറവായ കായസ്ഥ വിഭാഗക്കാരാണ് ഹിന്ദു സവർണവിഭാഗത്തിൽ ഏറ്റവും ധനികർ. ഇവരിൽ 13.83 ശതമാനം മാത്രമാണ് ദരിദ്രർ. മിക്കവരും നഗരങ്ങളിലാണ് കഴിയുന്നത്. ബിഹാറിലെ ഏറ്റവുമധികം ഭൂമി കൈവശമുള്ള ജാതിവിഭാഗമായ ഭൂമിഹാർ വിഭാഗത്തിലെ പട്ടിണി ഉയർന്നതായും കണക്കുകൾ പറയുന്നു. ഇവരിലെ പട്ടിണിക്കാർ 27.58 ശതമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.