പട്ന: ബി.ജെ.പിയുമായി വീണ്ടും കൂട്ടുകൂടാനില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഇതുസംബന്ധിച്ച് മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. മോത്തിഹാരിയിലെ മഹാത്മാ ഗാന്ധി സെൻട്രൽ യൂനിവേഴ്സിറ്റിയിലെ കോൺവൊക്കേഷൻ പരിപാടിയിലായിരുന്നു''എല്ലാ തരത്തിലുമുള്ള ആളുകളും ഇവിടെയുണ്ട്. എല്ലാവരും എന്റെ സുഹൃത്തുക്കളാണ്. ജീവിക്കുന്ന കാലത്തോളം നിങ്ങളുമായി ഞാൻ ബന്ധം പുലർത്തുമെന്ന്' നിതീഷ് കുമാർ പറഞ്ഞത്.
നിതീഷ് കുമാറിന്റെ പ്രസ്താവനക്ക് ശേഷം അദ്ദേഹത്തിന്റെ പാർട്ടിയായ ജെ.ഡി.യു വീണ്ടും ബി.ജെ.പിയിലേക്ക് പോവുകയാണെന്ന അഭ്യൂഹമുയർന്നു. അക്കാര്യം നിഷേധിച്ചാണ് ഇപ്പോൾ നിതീഷ് കുമാർ രംഗത്തുവന്നിരിക്കുന്നത്.
''ബീഹാറിൽ സംസ്ഥാന സർക്കാർ ചെയ്ത പ്രവർത്തനങ്ങളെ കുറിച്ച് ആളുകളെ ഓർമിപ്പിക്കുകയായിരുന്നു താനെന്നും അതല്ലാത്ത പക്ഷം ഇതെല്ലാം കേന്ദ്രസർക്കാർ ചെയ്തതാണെന്ന് ആളുകൾ തെറ്റിദ്ധരിക്കും.'' -അതുമാത്രമാണ് ആ പ്രസ്‍താവനയിലൂടെ ഉദ്ദേശിച്ചതെന്നും നിതീഷ് പറഞ്ഞു.
ബി.ജെ.പിയുടെ രാധാ മോഹൻ സിങ് പരിപാടി നടക്കുന്ന വേദിയുടെ മുൻനിരയിലുണ്ടായിരുന്നു. അതിനാൽ നിതീഷ് കുമാർ അദ്ദേഹവുമായുള്ള ചങ്ങാത്തത്തെ കുറിച്ച് സൂചിപ്പിക്കുകയായിരുന്നു. അല്ലാതെ അതിനെ മറ്റൊരു തരത്തിൽ വളച്ചൊടിക്കേണ്ടതില്ല. ജനങ്ങൾ അദ്ദേഹത്തെ തെറ്റിദ്ധരിച്ചതാണ്.- ആർ.ജെ.ഡിയുടെ ശക്തി യാദവ് പറഞ്ഞു.
നിതീഷ് കുമാറിന്റെ പ്രസ്താവനയെ കുറിച്ച് ബി.ജെ.പി പ്രതികരിച്ചിട്ടില്ല. എന്നാൽ അദ്ദേഹവുമായി ഇപ്പോൾ ഒരുതരത്തിലുള്ള ബന്ധവുമില്ലെന്ന് പാർട്ടിവൃത്തങ്ങൾ അറിയിച്ചു.
''നിതീഷ് കുമാർ ഞങ്ങളുടെ സഖ്യം വിട്ടു. ഞങ്ങൾ അദ്ദേഹത്തോട് വിട്ടുപോകാൻ ആവശ്യപ്പെട്ടതാണ്. ഞങ്ങളൊന്നിച്ചു നിന്നാൽ വികസനമുറപ്പാണെന്നത് ബി.ജെ.പി വിശ്വസിക്കുന്നുണ്ട്. എന്നാൽ ആശയങ്ങൾ തമ്മിൽ ഒത്തുചേരില്ല. നിതീഷ് കുമാറുമായി ഒരു ബന്ധവുമില്ലെന്നാണ് അമിത് ഷാ പറഞ്ഞത്.''-ബിഹാറിലെ ബി.ജെ.പി അധ്യക്ഷൻ സാകേത് ചൗധരി പറഞ്ഞു.
എന്നാൽ രാധാ മോഹൻ ചൗധരിയുമായുള്ള സൗഹൃദം മുതലെടുത്ത് നിലവിലെ അണികളായ കോൺഗ്രസിനെയും ആർ.ജെ.ഡിയെയും ആശയക്കുഴപ്പത്തിലാക്കുകയും പേടിപ്പിക്കുകയുമാണ് നിതീഷ് കുമാറെന്ന് മുതിർന്ന ബി.ജെ.പി നേതാവ് സുശീൽ കുമാർ മോദി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.