പട്‌ന: ബിഹാറിലെ ഗെയ്‌ഘട്ടിലുള്ള സ്ത്രീ സംരക്ഷണ കേന്ദ്രത്തിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സർക്കാർ ഉന്നതതല സമിതിയെ നിയമിച്ചേക്കുമെന്ന് സൂചന. വിഷയം പരിശോധിക്കാൻ ഉന്നതതല സമിതി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ ചർച്ച ചെയ്തതായി സാമൂഹികക്ഷേമ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
'ആഫ്റ്റർകെയർ ഹോം ഫോർ ഫീമെയിൽ' എന്ന സ്ഥാപനത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് ഒരു പെൺകുട്ടി സമൂഹമാധ്യമങ്ങളിലൂടെ വിവരങ്ങൾ പങ്കുവെക്കുകയും അത് ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സാമൂഹികക്ഷേമ വകുപ്പ് നടപടിയെടുത്തത്.
സ്ഥാപനവുമായി ബന്ധപ്പെട്ടുയരുന്ന ലൈംഗികാരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ കാണിക്കുന്ന അനാസ്ഥയിൽ വിവിധ വനിതാ സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. മഹിളാ വികാസ് മഞ്ച്, ഓൾ ഇന്ത്യ പ്രോഗ്രസീവ് വിമൻസ് അസോസിയേഷൻ, ബിഹാർ മഹിളാ സമാജ്, അഖിൽ ഭാരതീയ ജനവാദി മഹിളാ സമിതി, ലോക താന്ത്രിക് ജൻ പഹൽ തുടങ്ങിയ നിരവധി വനിതാ സംഘടനകൾ വിഷയത്തിൽ വസ്തുനിഷ്ഠമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ചു.
ഫെബ്രുവരി ഒന്നിനാണ് ഗെയ്ഘട്ടിലെ അന്തേവാസിയായിരുന്ന പെൺകുട്ടി അവിടുത്തെ സൂപ്രണ്ടായ വന്ദന ഗുപ്ത തടവുകാരെ സദാചാര വിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചെന്നാരോപിച്ച് സമൂഹമാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.