എം.എൽ.എമാരെ പൊലീസ്​ വലിച്ചിഴച്ചു, കഴുത്തിന് കുത്തിപ്പിടിച്ചു; ബിഹാർ നിയമസഭയിൽ നടന്നത്​ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ VIDEO

പട്‌ന: പൊലീസിന്​ അമിതാധികാരം നൽകുന്ന​ നിയമത്തിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം ​നേരിടാൻ ബിഹാറിലെ നിതീഷ്​ കുമാർ സർക്കാർ സ്വീകരിച്ചത്​ മുൻമാതൃകയില്ലാത്ത നടപടികൾ. ചൊവ്വാഴ്ച നിയമസഭക്കകത്ത്​ കയറി നിരങ്ങിയ പൊലീസുകാർ എം.എൽ.എമാരെ മർദിക്കുകയും നിലത്തുകൂടെ വലിച്ചിഴക്കുകയും വസ്​ത്രാക്ഷേപം ഉൾപ്പെടെ നടത്തുകയും ചെയ്​തു. ഇന്ത്യൻ ജനാധിപത്യത്തിലെ കരിദിനമായി ഇൗ ദിവസം ഓർമിക്കപ്പെടുമെന്ന് പൊലീസ്​ അതിക്രമത്തിന്‍റെ ചിത്രങ്ങൾ പങ്കുവെച്ച്​​ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പറഞ്ഞു. വനിതാ എം.എൽ.എമാരെ വരെ പൊലീസ്​ വെറുതെ വിട്ടില്ല. പൊലീസ്​ ഗുണ്ടായിസത്തിന് ഇരയായ എം.എൽ.എ സതീഷ് ദാസിന്‍റെ തലക്ക്​ പരിക്കേറ്റു. സി.പി.എം എം.എൽ.എ സത്യേന്ദ്ര യാദവിനും ക്രൂരമായി മർദനമേറ്റു. ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ്​ സഭക്കകത്ത്​ നടന്നതെന്ന​ും അദ്ദേഹം ആരോപിച്ചു.

രണ്ടു വനിതകൾ ഉൾപ്പെടെ 12 എം.എൽ.എമാർക്കാണ്​ സംഭവത്തിൽ പരിക്കേറ്റത്​. ഇവർ ചികിത്സ തേടിയിട്ടുണ്ട്. പൊലീസുകാർ എം.എൽ.എമാരെ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.

പൊലീസ്​ നിയമത്തിനെതിരെയുള്ള പ്രതിഷേധം പൊലീസിനെ ഉപയോഗിച്ച്​ നേരിട്ടു

'ബിഹാർ സ്‌പെഷ്യൽ ആംഡ് പൊലീസ് ബിൽ - 2021' എന്ന പേരിൽ പുതിയ നിയമം സഭ പാസാക്കാൻ ശ്രമിച്ചതാണ് പ്രശ്​നങ്ങൾക്കിടയാക്കിയത്​. ഈ നിയമപ്രകാരം വാറന്‍റ്​ പോലുമില്ലാതെ സംശയകരമായ സാഹചര്യം ആരോപിച്ച്​ ആരെയും അറസ്റ്റ്​ ചെയ്യാനും തുറങ്കിലടക്കാനുമുള്ള അധികാരം പൊലീസിന്​ കൈവരുമെന്നാണ്​ പ്രതിപക്ഷം പറയുന്നത്​. വ്യാപക ദുരുപയോഗത്തിനു സാധ്യതയുണ്ടെന്നും നിയമം ജനാധിപത്യവിരുദ്ധമാണെന്നും ഇവർ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ്​ പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്​. എന്നാൽ, പൊലീസിനെ ഉപയോഗിച്ച്​ ഇവരെ നേരിടുകയായിരുന്നു ഭരണപക്ഷം.

ബിഹാർ നിയമസഭയിൽ എം.എൽ.എമാരെ കൈയേറ്റം ചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്​ഥർ


നിയമസഭയിലേക്ക് പൊലീസിനെ ക്ഷണിച്ചുവരുത്തിയത്​ ബീഹാറിന്‍റെ മാത്രമല്ല​, ഇന്ത്യയുടെ തന്നെ ജനാധിപത്യ രാഷ്ട്രീയ ചരിത്രത്തിൽ ഇതാദ്യമായാണെന്ന്​ തേജസ്വി യാദവ്​ പറഞ്ഞു. ''പൊലീസ് സൂപ്രണ്ടും ജില്ലാ മജിസ്‌ട്രേട്ടും നേരിട്ടാണ് നിയമസഭംഗങ്ങളെ മർദിക്കാൻ നേതൃത്വം നൽകിയത്​. എം.എൽ.എമാരെ വലിച്ചിഴച്ച് കഴുത്തിന് കുത്തിപ്പിടിച്ച് സഭക്ക്​ പുറത്താക്കി. പട്ടിക ജാതിക്കാരിയായ നിയമസഭംഗം അനിതാ ദേവിയെ മുടിക്ക് കുത്തിപ്പിടിച്ച് സാരി വലിച്ചഴിച്ച് നിലത്തുകൂടി വലിച്ചിഴച്ചാണ് പുറത്താക്കിയത്. ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു കരിദിനമായി ഈ ദിവസം ഓർമിക്കപ്പെടും'' -തേജസ്വി യാദവ് പറഞ്ഞു.

ബില്ലിന്‍റെ പകർപ്പ് കീറിയെറിഞ്ഞു; വാക്കൗട്ടിനിടെ നിയമം പാസ്സാക്കി

കരിനിയമത്തിനെതിരെ ചൊവ്വാഴ്ച ആർ.ജെ.ഡി, ഇടത്​, കോൺഗ്രസ്​ എം.എൽ.എമാരുടെ നേതൃത്വത്തിൽ കടുത്ത പ്രതിഷേധമാണ്​ സഭക്കകത്ത് ഉയർന്നത്​. ഇതിന്​ മുമ്പ്​ പുതിയ നിയമത്തിനും തൊഴിലില്ലായ്​മക്കും സർക്കാറിന്‍റെ പിടിപ്പുകേടിനുമെതിരെ നിയമസഭയിലേക്ക്​ ആർജെ.ഡി നടത്താനിരുന്ന മാർച്ചിന് ജില്ല മജിസ്‌ട്രേറ്റ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ, ഇത്​ കാര്യമാക്കാതെ തേജസ്വി അണികൾക്കൊപ്പം ജാഥ തുടങ്ങി. ഇവരെ പൊലീസ് തടഞ്ഞതാണ് സംഘർഷങ്ങളുടെ തുടക്കം. ജലപീരങ്കിയും മറ്റും പ്രയോഗിച്ചെങ്കിലും റാലി തുടർന്നു. രൂക്ഷമായ കല്ലേറും ലാത്തിച്ചാർജും അരങ്ങേറി.

ബിഹാർ നിയമസഭയിൽ എം.എൽ.എയെ വലിച്ചിഴക്കുന്ന  സുരക്ഷാ ഉദ്യോഗസ്​ഥർ

അതിനിടെ നിയമസഭയിലും ബഹളം തുടങ്ങി. സഭസമ്മേളനം നിരവധി തവണ തടസ്സപ്പെട്ടു. സ്പീക്കറുടെ ഡയസിൽ എത്തിയ എം.എൽ.എമാർ സ്പീക്കറുടെ കൈയ്യിൽനിന്ന് ബില്ലിന്‍റെ പകർപ്പ് വാങ്ങി കീറിയെറിഞ്ഞു. എന്നാൽ, പ്രതിഷേധം വകവെക്കാതെ ഭരണപക്ഷം പ്രസ്തുത ബിൽ പാസ്സാക്കാൻ നീക്കം നടത്തി. ഇതോ​​ടെ പ്രതിപക്ഷം സഭാ നടപടികൾ തടസപ്പെടുത്തി ധർണ തുടങ്ങി. ഉടൻ സ്പീക്കർ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പട്‌ന എസ്.പിയുടെയും ജില്ലാ മജിസ്​ട്രേറ്റിന്‍റെയും നേതൃത്വത്തിലാണ്​ പൊലീസ്​ സംഘം സഭയ്ക്കുള്ളിൽ കയറിയത്​. ഇത്​ പ്രതിഷേധത്തിന്​ മൂർച്ചകൂട്ടി. ഒടുവിൽ പൊലീസ്​ ബലംപ്രയോഗിക്കുകയും ​ കായികമായി നേരിടുകയുമായിരുന്നു. എം.എൽ.എമാ​രെ നിയമസഭയ്​ക്കകത്ത്​ വെച്ചുതന്നെ പൊലീസുകാർ​ മർദിച്ചു. പലരെയും വലിച്ചിഴച്ചാണ്​ പുറത്താക്കിയത്​.

പിന്നീട്​ സഭ വീണ്ടും സമ്മേളിച്ചപ്പോൾ പൊലീസ്​ മർദനത്തിൽ പ്രതിഷേധിച്ച്​ പ്രതി​പക്ഷം സഭ ബഹിഷ്​കരിച്ചു. ഈ തക്കം നോക്കി പ്രതിപക്ഷത്തിന്‍റെ അസാന്നിധ്യത്തിൽ നിയമം പാസാക്കുകയായിരുന്നു. അതേസമയം, നിയമം ക്രമസമാധാനപാലനത്തെയോ ദൈനംദിന പൊലീസിങ്ങിനെയോ ബാധിക്കില്ലെന്നും സായുധ പൊലീസിന് മാത്രം ബാധകമായതാണ് എന്നുമാണ്​ സർക്കാർ വിശദീകരണം.

നിതീഷ് കുമാറിന്​ ഹിറ്റ്ലറുടെ മനോനില -തേജസ്വി

മുഖ്യമന്ത്രി നിതീഷ് കുമാറിന്​ ഹിറ്റ്ലറുടെ മനോനിലയാണുള്ളതെന്ന്​ പ്രതിപക്ഷ നേതാവ്​ തേജസ്വി യാദവ്​ ആരോപിച്ചു. ''കരിനിയമം പാസ്സാക്കി സംസ്ഥാന പൊലീസിനെ തങ്ങളുടെ സ്വകാര്യ ഗുണ്ടാ സംഘമാക്കി മാറ്റാനാണ് ഭരണപക്ഷം ശ്രമം. ഈ നിയമം നിലവിൽ വന്നാൽ പൊലീസ് തോന്നിയ​പോലെ പെരുമാറും. അത് പൗരസ്വാതന്ത്ര്യത്തിന്​ തന്നെ എതിരാകുമെന്നതിനാലാണ്​ ഞങ്ങൾ പ്രതിഷേധിച്ചത്. എന്നാൽ, അതേ ഞങ്ങൾക്ക് നേരെ പൊലീസുകാരെ കയറൂരി വിട്ടുകയാണ്​ സർക്കാർ ചെയ്​തത്​. ഞങ്ങളുടെ വാദം ശരിയാണെന്നാണ്​ ഇത്​ തെളിയിക്കുന്നത്​'' -അദ്ദേഹം പറഞ്ഞു.

ബിഹാർ നിയമസഭയിൽ എം.എൽ.എമാരെ കൈയേറ്റം ചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്​ഥർ

ഈ തീപ്പൊരിയിൽ സർക്കാർ ചാരമാകും -റാബ്രി ദേവി

നിതീഷ്​ കുമാറിന്‍റെ കറുത്ത ഭരണം ചാരമായി മാറുമെന്ന്​ റാബ്​റി ദേവി. വനിതാ എം‌.എൽ.‌എയെ പൊലീസ്​ ഉദ്യോഗസ്ഥർ വലിച്ചിഴക്കുന്ന വിഡിയോ പങ്കുവെച്ച്​ റാബ്രി ദേവി ട്വിറ്ററിലാണ്​ ഇങ്ങനെ കുറിച്ചത്​. ''നിങ്ങൾ ഇന്ന് തുടക്കമിട്ട തീപ്പൊരികൾ, നിങ്ങളുടെ കറുത്ത ഭരണത്തെ ചാരമാക്കി മാറ്റും" അവർ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.





 



 


Tags:    
News Summary - Bihar Police thrashes RJD MLAs inside state assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.