ന്യൂഡൽഹി: ജയിലിൽ കീഴടങ്ങാൻ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികൾ നൽകിയ ഹരജി തള്ളി സുപ്രീംകോടതി. ജനുവരി 21ന് തന്നെ മുഴുവൻ കുറ്റവാളികളും ജയിലിലെത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് കുറ്റവാളികൾ ഹരജി നൽകിയത്.
ബിൽക്കീസ് ബാനു കേസിൽ ജയിലിൽ കീഴടങ്ങാൻ കൂടുതൽ സമയംതേടി അഞ്ചു കുറ്റവാളികൾ സുപ്രീംകോടതിയെ സമീപിച്ചത്. ഗോവിന്ദ് നയി, പ്രദീപ് മൊർദിയ, ബിപിൻ ചന്ദ്ര ജോഷി, രമേഷ് ചന്ദന, മിതേഷ് ഭട്ട് എന്നിവരാണ് അപേക്ഷ നൽകിയത്.
ശിക്ഷാ കാലാവധി തീരുംമുമ്പ് 2022 ലെ സ്വതന്ത്ര്യദിനത്തിൽ 11 കുറ്റവാളികളെ വിട്ടയച്ചത് റദ്ദാക്കിയ സുപ്രീംകോടതി ഇതിന് ഉത്തരവിട്ട ഗുജറാത്ത് സർക്കാറിനെ രൂക്ഷമായി വിമർശിച്ചിരുന്നു. രണ്ടാഴ്ചക്കകം കുറ്റവാളികൾ കീഴടങ്ങാനും ജനുവരി എട്ടിന്റെ വിധിയിൽ നിർദേശിച്ചിരുന്നു. ഇവരിൽ അഞ്ചുപേരാണ് മോശം ആരോഗ്യം, ശസ്ത്രക്രിയ, മകന്റെ വിവാഹം, വിളവെടുപ്പ് എന്നീ കാരണങ്ങൾ പറഞ്ഞ് കൂടുതൽ സമയം തേടി സുപ്രീംകോടതിയിൽ എത്തിയത്.
2002ൽ ഗുജറാത്ത് വംശഹത്യക്കിടെ ഗർഭിണിയായ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ഇവരുടെ മൂന്നരവയസ്സുള്ള മകൾ ഉൾപ്പെടെ ഏഴു കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയുംചെയ്ത കേസിലാണ് 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.