ബിൽക്കീസ് ബാനു കേസ്: പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കിയതിനെതിരെയുള്ള പുനഃപരിശോധന ഹരജികൾ തള്ളി

ന്യൂഡൽഹി: ബിൽക്കീസ് ബാനു ബലാത്സംഗക്കേസിൽ 11 പ്രതികളെ വിട്ടയച്ചത് റദ്ദാക്കിയ ഉത്തരവിലെ ചില പരാമർശങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് സർക്കാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. അപേക്ഷ തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന ആവശ്യവും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് നിരസിച്ചു.

കേസിലെ പ്രതികൾ സമർപ്പിച്ച പുനഃപരിശോധനാ ഹരജിയും ഇതോടൊപ്പം തള്ളി. ശിക്ഷാ കാലാവധി തീരുന്നതിന് മുമ്പ് പ്രതികളെ വിട്ടയച്ച ഉത്തരവ് കഴിഞ്ഞ ജനുവരി എട്ടിനാണ് സുപ്രീംകോടതി റദ്ദാക്കിയത്. മറ്റൊരു സംസ്ഥാനത്തിന്റെ അധികാരം കൈയടക്കി, പ്രതിയുമായി ഒത്തുചേർന്ന് പ്രവർത്തിച്ചു തുടങ്ങി സംസ്ഥാനത്തിനെതിരായ ചില നിരീക്ഷണങ്ങൾ ഉത്തരവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, ഉത്തരവ് വിശദമായി പരിശോധിച്ചെന്നും അതിൽ പിശക് കണ്ടെത്താനായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി പുനഃപരിശോധനാ ഹരജി തള്ളിയത്.

ശിക്ഷാ ഇളവ് തേടി സുപ്രീംകോടതിയെ സമീപിച്ച പ്രതിയുമായി ഗുജറാത്ത് സർക്കാർ ഒത്തുകളിച്ചെന്ന് ശിക്ഷാ ഇളവ് റദ്ദാക്കിയ ഉത്തരവിൽ നിരീക്ഷിച്ചിരുന്നു. പ്രതിയുടെ ഹരജിയിൽ 2022 മേയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൽ മോചന ഹരജി പരിഗണിക്കാൻ ഗുജറാത്ത് സർക്കാറിന് അധികാരമുണ്ടെന്ന് പറഞ്ഞിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന 11 പ്രതികളെയും 2022 ആഗസ്റ്റിൽ വിട്ടയച്ചത്. ഇതിനെതിരെ ബിൽക്കീസ് ബാനു സമർപ്പിച്ച ഹരജിയിലാണ് സർക്കാർ നടപടി സുപ്രീംകോടതി റദ്ദാക്കിയത്. കേസിന്റെ വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റിയതിനാൽ മോചന ഹരജി പരിഗണിക്കാൻ ഗുജറാത്ത് സർക്കാറിന് അധികാരമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ, 2022 മേയിലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷാ ഇളവിന് നടപടി എടുത്തതെന്ന് ഗുജറാത്ത് സർക്കാർ പുനഃപരിശോധനാ ഹരജിയിൽ ചൂണ്ടിക്കാട്ടി. കോടതി ഉത്തരവ് അനുസരിച്ച് പ്രവർത്തിച്ചതിനാൽ, മഹാരാഷ്ട്രയുടെ അധികാരം കൈയടക്കി എന്ന് ഗുജറാത്ത് സർക്കാറിനെ കുറ്റപ്പെടുത്താനാവില്ലെന്നും വാദിച്ചു. പ്രതിയുമായി ഒത്തുചേർന്ന് പ്രവർത്തിച്ചു എന്ന നിരീക്ഷണം അനവസരത്തിലുള്ളതും മുൻധാരണയോടെയുള്ളതാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Bilkis Bano Gang Rape: Supreme Court rejects review petition by convicts, State against cancellation of remission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.