ബംഗളൂരു: ബംഗളൂരു മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് (ഇ.ഡി) മുമ്പാകെ ഹാജരാവാൻ ബിനീഷ് കോടിയേരി ബംഗളൂരുവിലെത്തി. തിങ്കളാഴ്ച രാവിലെ 11.30ന് തിരുവനന്തപുരം-ബംഗളൂരു വിമാനത്തിലാണ് ബിനീഷ് ബംഗളൂരുവിലെത്തിയത്. സഹോദരൻ ബിനോയ് കോടിയേരിയും രണ്ടു സുഹൃത്തുക്കളും ബിനീഷിനൊപ്പമുണ്ട്. ചൊവ്വാഴ്ച രാവിലെ 11ന് ബംഗളൂരു ശാന്തിനഗർ ബി.എം.ടി.സി കെട്ടിടത്തിലെ ഇ.ഡി ഒാഫിസിൽ ഹാജരാകാനാണ് ബിനീഷിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിലും ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിലും ഇടപാടുകൾ നടന്നത് ക്രിപ്റ്റോ കറൻസി വഴി അന്താരാഷ്ട്ര ബന്ധമുള്ള ഇടനിലക്കാരിലൂടെയാണെന്ന് കണ്ടെത്തിയിരുന്നു. ക്രിപ്റ്റോ കറൻസികൾ വാങ്ങാനും മറ്റും വൻതോതിൽ ഹവാല പണം ഉപയോഗിച്ചതായി ഇ.ഡി സംശയിക്കുന്നുണ്ട്. ഇരുകേസിലും സമാന്തര അന്വേഷണം നടത്തുന്ന ഇ.ഡി പരപ്പന അഗ്രഹാര ജയിലിലെത്തി പ്രതികളിൽനിന്ന് മൊഴിയെടുത്തിരുന്നു.
എൻ.സി.ബി കേസിൽ അറസ്റ്റിലായ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദി(38)ൽനിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യംചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.