ന്യൂഡൽഹി: അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. രാവിലെ ആറ് മണിക്ക് തന്നെ വിവിധ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ ആരംഭിച്ചു. അരുണാചൽപ്രദേശിൽ 10 സീറ്റുകളിൽ ബി.ജെ.പി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 17 സീറ്റുകളിലാണ് ഇപ്പോൾ ബി.ജെ.പിയുടെ മുന്നേറ്റം. നാഷണൽ പീപ്പിൾസ് പാർട്ടി മൂന്ന് സീറ്റിൽ മുന്നേറുന്നുണ്ട്. രണ്ട് സീറ്റിൽ മറ്റുള്ളവരാണ് ലീഡ് ചെയ്യുന്നത്. 60 സീറ്റുകളുള്ള അരുണാചൽപ്രദേശിൽ 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
സിക്കിമിൽ ഭരണകക്ഷിയായ സിക്കിം ക്രാന്തി മോർച്ച(എസ്.കെ.എം) 22 സീറ്റിലാണ് മുന്നേറുന്നത്. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് രണ്ട് സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. 32 സീറ്റുകളാണ് സിക്കിമിലുള്ളത്. ഇരു സംസ്ഥാനങ്ങളിലും ഏപ്രിൽ 19നാണ് വോട്ടെടുപ്പ് നടന്നത്. സിക്കിമിൽ 79.88 ശതമാനവും അരുണാചൽപ്രദേശിൽ 82.95 ശതമാനവും പോളിങ് രേഖപ്പെടുത്തിയിരുന്നു.
സിക്കിമിൽ പ്രേം സിങ് തമാങ്ങിന്റെ നേതൃത്വത്തിലുള്ള എസ്.കെ.എമ്മും പവൻ കുമാർ ചാംലിങ്ങിന്റെ എസ്.ഡി.എഫും തമ്മിലാണ് പ്രധാന പോരാട്ടം. കോൺഗ്രസും ബി.ജെ.പിയും ഇവിടെ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. അരുണാചൽപ്രദേശിൽ ഭരണകക്ഷിയായ ബി.ജെ.പിയും കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം. ബി.ജെ.പി 60 സീറ്റിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. കോൺഗ്രസ് 19 സീറ്റുകളിലാണ് മത്സരിക്കുന്നത്. നാഷണൽസ് പീപ്പിൾസ് പാർട്ടിയും നാഷണൽ കോൺഗ്രസ് പാർട്ടിയും ഇവിടെ മത്സരരംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.