അക്രമം നടത്താൻ ഹിന്ദുത്വ ഭീകരർക്ക്​ പൊലീസ്​ സൗകര്യമൊരുക്കി; ഞെട്ടിക്കുന്ന വസ്​തുതാന്വേഷണ റിപ്പോർട്ട്​ പുറത്ത്​

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കെതിരെ ത്രിപുരയില്‍ നടന്ന ആക്രമണത്തിൽ പൊലീസ് നിഷ്‌ക്രിയമായാണ് പ്രവര്‍ത്തിച്ചതെന്നും അക്രമികൾ സഹായകരമായി പ്രവർത്തിച്ചെന്നും വസ്​തുതാന്വേഷണ റിപ്പോർട്ട്​. അഭിഭാഷകരുടേയും മനുഷ്യാവകാശ പ്രവർത്തകരുടേയും കൂട്ടായ്​മയാണ്​ റിപ്പോർട്ട്​ തയ്യാറാക്കിയത്​. 'ത്രിപുരയിൽ മനുഷ്യത്വം ആക്രമിക്കപ്പെടുന്നു; മുസ്​ലിം ജീവിതങ്ങളും പ്രധാനമാണ്​' എന്ന തലക്കെട്ടിലാണ്​ വസ്തുതാന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്​. ത്രിപുരയിലെ ബി.ജെ.പി സർക്കാരിന് വേണമെങ്കിൽ അക്രമം തടയാമായിരുന്നുവെന്നും റിപ്പോർട്ട്​ പറയുന്നു. എന്നാൽ അക്രമികളായ ഹിന്ദുത്വ ആൾക്കൂട്ടത്തിന്‍റെ കൂടെക്കൂടുകയാണ് പൊലീസ്​ ചെയ്​തതെന്നും റിപ്പോർട്ട്​ ചൂണ്ടിക്കാട്ടുന്നു.


സുപ്രീം കോടതി അഭിഭാഷകരായ എഹ്‌തേഷാം ഹാഷ്മി, അഡ്വ: അമിത് ശ്രീവാസ്തവ് (കോ-ഓർഡിനേഷൻ കമ്മിറ്റി, ലോയേഴ്‌സ് ഫോർ ഡെമോക്രസി), അഡ്വ: അൻസാർ ഇൻഡോരി (സെക്രട്ടറി, ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ) അഡ്വ: മുകേഷ് (സിവിൽ റൈറ്റ്‌സ് ഓർഗനൈസേഷൻ പീപ്പിൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ്) തുടങ്ങിയവർ ചേർന്നാണ്​ റിപ്പോർട്ട്​ പുറത്തുവിട്ടത്​. വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ, ഹിന്ദു ജാഗരൺ മഞ്ച്​ തുടങ്ങിയ ഹിന്ദു ദേശീയവാദ സംഘടനകൾ റാലികൾ നടത്തുകയും അവർക്കൊപ്പം എസ്​കവേറ്ററുമായി അക്രമികൾ എത്തുകയും ചെയ്​തതായും റിപ്പോർട്ട്​ ചൂണ്ടിക്കാട്ടി.


ത്രിപുരയിലെ മുസ്ലീം വിരുദ്ധ അക്രമങ്ങളെക്കുറിച്ച് യുനൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യുഎസ്‌സിഐആർഎഫ്) ആശങ്ക പ്രകടിപ്പിച്ച സമയത്താണ് റിപ്പോർട്ടും പുറത്തുവന്നത്​. അക്രമത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ സഹായിക്കാനാകില്ലെന്ന് പറയുകയും തങ്ങളോട് തിരികെ പോകാൻ പോലീസ് ആവശ്യപ്പെടുകയും ചെയ്തതായി, വസ്തുതാന്വേഷണ സമിതി അംഗവും സുപ്രീം കോടതി അഭിഭാഷകനുമായ എഹ്തേഷാം ഹാഷ്മി പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥിതിഗതികൾ അറിയാമായിരുന്നിട്ടും അതിനനുസൃതമായി അവർ നടപടി എടുത്തില്ല. 5000ലധികം ആളുകളുള്ള ജനക്കൂട്ടം അക്രമത്തിൽ പ​ങ്കെടുത്തിരുന്നു. നടക്കാൻ പോകുന്ന കലാപത്തെപറ്റി പൊലീസിന്​ വ്യക്​തമായി അറിയാമായിരുന്നെങ്കിലും മുൻകരുതൽ നടപടി ഒന്നും എടുത്തിരുന്നില്ല. പാനിസാഗറിലെ റോവ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 11 കടകൾ കത്തിനശിച്ചതായി കണ്ടെത്തിയതായി റിപ്പോർട്ട് പറയുന്നു. അവിടെ ഒരു കട ഹിന്ദുവിന്റേതായതിനാൽ അവിടെമാത്രം അരകമികൾതന്നെ തീ കെടുത്തി. മുസ്ലീംകളുടെ ഉടമസ്ഥതയിലുള്ള നിരവധി കടകൾ കൊള്ളയടിച്ചിട്ടുമുണ്ട്​.


ചംതില മസ്ജിദ് തകർത്തിട്ടില്ലെന്ന ത്രിപുര പൊലീസിന്റെ വാദവും റിപ്പോർട്ട് തള്ളി. അക്രമത്തിന്​ ഇരയായ ആളുകൾ പരാതി രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോൾ അവരെ തിരിച്ചയച്ചത് പോലീസിന്​ അക്രമികളോടുള്ള അനുഭാവം വെളിപ്പെടുത്തുന്നുണ്ട്​. താഴേത്തട്ടിലുള്ള ചില ഉദ്യോഗസ്ഥരൊഴിച്ചാൽ ബാക്കി അധികാരികളിൽ കൂടുതലും കലാപത്തിൽ പങ്കാളികളാണെന്ന് റിപ്പോർട്ട്​ പറയുന്നു.


കലാപാനന്തരം സംസ്​ഥാനത്ത്​ നടപ്പാക്കേണ്ട നിരവധി നിർദേശങ്ങളും റിപ്പോർട്ട്​ മുന്നോട്ടുവയ്​ക്കുന്നു.റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണ സമിതിയെ നിയോഗിക്കുക, ഇരകളുടെ പരാതിയിൽ പ്രത്യേക എഫ്‌ഐആർ ഫയൽ ചെയ്യുക, സാമ്പത്തിക നഷ്ടം സംഭവിച്ച എല്ലാ ആളുകൾക്കും സംസ്ഥാന സർക്കാർ ഉചിതമായ നഷ്ടപരിഹാരം നൽകുക, തീവെപ്പിലും അട്ടിമറിയിലും തകർന്ന ആരാധനാലയങ്ങൾ സർക്കാർ ചെലവിൽ പുനർനിർമിക്കുക, അക്രമത്തിനെതിരേ ഒരു നടപടിയും സ്വീകരിക്കാത്ത പോലീസ് ഉദ്യോഗസ്ഥരെ പുറത്താക്കുക തുടങ്ങിയ നിർദേശങ്ങളും​ റിപ്പോർട്ട്​ മുന്നോട്ടുവച്ചിട്ടുണ്ട്​.

Tags:    
News Summary - BJP and police gave a free hand to Hindutva mobs in Tripura: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.