കങ്കണക്കെതിരെ കോൺ​ഗ്രസ് സ്വഭാവഹത്യ നടത്തുന്നു; പരാതിയുമായി ബി.ജെ.പി

ന്യൂഡൽഹി: നടിയും മണ്ഡിയിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്തിനെതിരെ സ്വഭാവഹത്യ നടത്തിയെന്നാരോപിച്ച് കോൺ​ഗ്രസിനെതിരെ പരാതി. ഹിമാചൽ പ്രദേശ് ബി.ജെ.പി ഘടകമാണ് പരാതിയുമായി രം​ഗത്തെത്തിയത്. കോൺ​ഗ്രസിന് പുറമെ ഹമീർപൂർ യൂത്ത് കോൺ​ഗ്രസ് ക്ലബ്ബിനെതിരെയും തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയതായാണ് റിപ്പോർട്ട്.

തങ്ങളുടെ നേതാവിനെതിരെ അപകീർത്തി പരാമർശങ്ങൾ നടത്തിയതിന് പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നായിരുന്നു ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടത്. സമൂഹമാധ്യമങ്ങളിൽ കങ്കണയുടെ സ്വഭാവഹത്യ നടത്താൻ കോൺ​ഗ്രസ് അവരുടെ വിവിധ ഘടകങ്ങൾ നിർദേശം നൽകിയിട്ടുണ്ട്. കങ്കണയെ നെ​ഗറ്റീവ് കഥാപാത്രമായി ചിത്രീകരിക്കാൻ ഹമീർപൂർ യൂത്ത് കോൺ​ഗ്രസ് ക്ലബ് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെക്കുകയും ദ്വയാർത്ഥ തലക്കെട്ടുകൾ നൽകുകയും ചെയ്തുവെന്നും ബി.ജെ.പി ആരോപിച്ചു.

ഏതൊരു നടനും നടിയും അവർക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ കാണികൾക്ക് വിശ്വാസ്യമായ രീതിയിൽ അഭിനയിച്ച് ഫലിപ്പിക്കാനാണ് ശ്രമിക്കുക. എന്നാൽ ഇത്തരം കാര്യങ്ങളൊന്നും പരി​ഗണിക്കാതെ കങ്കണയുടെ കലാപരമായ ശ്രമങ്ങളെ അശ്ലീലമായ രീതിയിൽ പ്രചരിപ്പിക്കാനാണ് കോൺ​ഗ്രസ് ശ്രമിക്കുന്നത്. ഇത് ഒരു സ്ത്രീയുടെ അന്തസിനെ ചോദ്യം ചെയ്യുക മാത്രമല്ല മറിച്ച് മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ നിർബന്ധിത മാർഗനിർദേശങ്ങളുടെ ലംഘനവുമാണെന്നും ബി.ജെ.പി പരാതിയിൽ കുറിച്ചു. കോൺഗ്രസിൻ്റെ നിരുത്തരവാദപരമായ പെരുമാറ്റം കണക്കിലെടുക്കണമെന്നും നിയമ വ്യവസ്ഥകൾ ലംഘിച്ച ചരിത്രമുള്ള 'പതിവ് കുറ്റവാളികൾ' ആണ് കോൺഗ്രസ് നേതാക്കളെന്നും പാർട്ടി ആരോപിച്ചു.

നേരത്തെ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്കും പ്രിയങ്ക ​ഗാന്ധിക്കുമെതിരെ വിമർശനവുമായി കങ്കണ രം​ഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രാഷ്ട്രീയത്തിന് യോജിച്ചവരല്ലെന്നായിരുന്നു കങ്കണയുടെ പരാമർശം. ഇരുവരും അവരുടെ അമ്മയുടെ ആഗ്രഹങ്ങളുടെ ഇരയാണെന്നും അമ്മയുടെ നിർബന്ധം മൂലമാണ് അവർ രാഷ്ട്രീയത്തിൽ നിൽക്കുന്നതെന്നും കങ്കണ പറഞ്ഞിരുന്നു. ഇന്ത്യാ ടുഡെക്ക് നൽകിയ അഭിമുഖത്തിലാണ് കങ്കണയുടെ പരാമർശം. അതേസമയം തങ്ങളെക്കുറിച്ച് കങ്കണ സംസാരിച്ചതിന് നന്ദിയുണ്ടെന്നും എന്നാൽ അവർ പറയുന്ന എല്ലാ അസംബന്ധങ്ങൾക്കും താൻ മറുപടി പറയേണ്ടതുണ്ടോ എന്നുമായിരുന്നു പ്രിയങ്കയുടെ പ്രതികരണം. 

Tags:    
News Summary - BJP files complaint against Congress for 'assassinating' Kangana Ranaut's character

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.