ജയ്പൂർ: രാജസ്ഥാനിലെ അജ്മീറിലെ പ്രശസ്ത ഹോട്ടലിന്റെ പേര് മാറ്റി ബി.ജെ.പി സർക്കാർ. സംസ്ഥാന ടൂറിസം കോർപറേഷന്(ആർ.ടി.ഡി.സി) കീഴിലുള്ള ഖാദിം ഹോട്ടലിന്റെ പേരാണ് അജയ് മേരു എന്നാക്കി മാറ്റിയത്. ആർ.ടി.ഡി.സി മാനേജിങ് ഡയറക്ടർ സുഷമ അറോറയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കോർപറേഷൻ ഡയറക്ടർ ബോർഡ് യോഗത്തിലെ തീരുമാനമനുസരിച്ചാണ് പേര് മാറ്റിയത് എന്നാണ് പറയുന്നത്.
ജില്ല കലക്ടറേറ്റിന് എതിർവശത്തുള്ള ഹോട്ടലിന്റെ പേരുമാറ്റാനായി അജ്മീറിൽ നിന്നുള്ള എം.എൽ.എയും നിയമസഭ സ്പീക്കറുമായ വാസുദേവ് ദേവ്നാനി നേരത്തേ ആർ.ടി.ഡി.സിക്ക് നിർദേശം നൽകിയിരുന്നു. ഹോട്ടലിന്റെ പേര് മാറ്റിയതിനെതിരെ അജ്മീർ ദർഗ ശരീഫ് ഖാദിം രംഗത്തുവന്നു. നഗരത്തിന്റെ ചരിത്രം മായ്ച്ചുകളയാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ദർഗയുടെ സൂക്ഷിപ്പുകാരനായ സയ്യിദ് സർവാർ ചിഷ്തി ആരോപിച്ചു. പ്രമുഖ സൂഫി വര്യനായിരുന്ന ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ മഖ്ബറ ഉള്ളതിനാല്‍ ഈ നഗരം പ്രസിദ്ധമാണ്. ഖാദിം എന്ന പേര് ഇങ്ങനെയാണണ് ഉണ്ടായത്.
എന്നാൽ, ചരിത്രപരമായി തന്നെ ‘അജയ്‌മേരു’വെന്നാണ് അജ്മീറിനെ അറിയപ്പെട്ടിരുന്നത് എന്നാണ് സ്പീക്കര്‍ ദേവ്‌നാനി പറയുന്നത്. വിനോദ സഞ്ചാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും ഇടയില്‍ പ്രശസ്തമായ ഹോട്ടലിന്റെ പേര് അജ്മീറിന്റെ സമ്പന്നമായ സാംസ്‌കാരിക ചരിത്രവും പൈതൃകവും സ്വത്വവും പ്രതിഫലിപ്പിക്കുന്നതായിരിക്കണമെന്നും സ്പീക്കര്‍ പറയുന്നു. അജ്മീറിലെ കിങ് എഡ്വേർഡ് മെമ്മോറിയലിന്റെ പേര് ഹിന്ദു തത്വചിന്തകനായ സ്വാമി ദയാനന്ദ സരസ്വതിയുടെ പേരിൽ പുനർ നാമകരണം ചെയ്യാനും ദേവനാനി നിർദേശിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.