വനവിഭവങ്ങൾക്കും ധാതുക്കൾക്കുംമേൽ കണ്ണുവെച്ച് ബി.ജെ.പി ജാർഖണ്ഡ് പിടിക്കാനൊരുങ്ങുന്നു -ഹേമന്ത് സോറൻ

റാഞ്ചി: ധാതുസമ്പത്തും വനസമ്പത്തും കൊള്ളയടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ബി.ജെ.പി ജാർഖണ്ഡിൽ അധികാരം നേടാൻ നോക്കുന്നതെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ചൊവ്വാഴ്‌ച ഛത്ര ജില്ലയിൽ ഒരു പരിപാടിയെ അഭിസംബോധന ചെയ്‌ത സോറൻ, സദുദ്ദേശ്യത്തോടെയുള്ള ജന ക്ഷേമനയങ്ങൾ നടപ്പിലാക്കുന്നതിൽനിന്ന് തങ്ങളുടെ സർക്കാറിനെ ബി.ജെ.പി കോടതിയിലേക്ക് വലിച്ചിഴച്ച് തടസ്സപ്പെടുത്തുന്നതായും ബി.ജെ.പിയിലൂടെ രാഷ്ട്രീയപ്രവേശം ലക്ഷ്യമിട്ട് ചില ജഡ്ജിമാർ അവർക്കൊപ്പം നിൽക്കുന്നുവെന്നും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു.

ധാതുസമ്പത്തും വനവിഭവങ്ങളും യഥേഷ്ടം ഉള്ളതിനാൽ ‘സ്വർണ പക്ഷി’ എന്ന് അറിയപ്പെടുന്ന ഈ സംസ്ഥാനത്ത് അധികാരത്തിൽ വരാൻ ബി.ജെ.പിക്ക് അതിയായ താൽപര്യമുണ്ട്. ഇവ രണ്ടും കൊള്ളയടിക്കുന്നതിലാണ് അവരുടെ കണ്ണ്. സംസ്ഥാനത്തെ പ്രാദേശിക ജന സമൂഹങ്ങളെ മെച്ചപ്പെടുത്തുന്നത് അവരുടെ പരിഗണനയില്ല. അയൽ സംസ്ഥാനമായ ഛത്തീസ്ഗഡിലെ ഹസ്ഡിയോ വനത്തിൽ അവർ അത് ചെയ്തുകഴിഞ്ഞു. കൽക്കരി ഖനനത്തിനുവേണ്ടി വനം അവരുടെ സുഹൃത്തായ അദാനിക്ക് നൽകി. അവിടെ സംസ്ഥാന സർക്കാറി​ന്‍റെ നേതൃത്വത്തിൽ ആദിവാസികൾ കുടിയൊഴിപ്പിക്കപ്പെടുന്നുവെന്നും സോറൻ അവകാശപ്പെട്ടു.

‘അവർക്ക് പ്രഗത്ഭരായ അഭിഭാഷകരുടെ ഒരു കൂട്ടമുണ്ട്. പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും മെച്ചപ്പെട്ട താൽപര്യങ്ങൾക്കായി ഞങ്ങൾ ക്ഷേമ പദ്ധതി നടപ്പിലാക്കാൻ തുനിയുമ്പോഴേക്കും പൊതുതാൽപര്യ ഹരജി ഫയൽ ചെയ്ത് കോടതിയിലേക്ക് വലിച്ചിഴച്ച് തടസ്സങ്ങൾ സൃഷ്ടിക്കുന്നു. തെരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കുമെന്നും രാഷ്ട്രീയത്തിൽ ചേരാമെന്നും കരുതി അവരെ പിന്തുണക്കുന്ന ജഡ്ജിമാർ വരെ അവരുടെ പോക്കറ്റിലുണ്ട്’ -സോറൻ ആരോപിച്ചു. തദ്ദേശവാസികൾക്കുള്ള റിക്രൂട്ട്‌മെന്‍റ് നയങ്ങളും 18-50 വയസ്സിനിടയിലുള്ള സ്ത്രീകൾക്കുള്ള സർക്കാർ സാമ്പത്തിക സഹായ പദ്ധതിയും സോറൻ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ബി.ജെ.പിയുടെ നിശബ്ദ പിന്തുണയുണ്ടെന്ന് ജെ.എം.എം ആരോപിക്കുന്ന വ്യക്തികൾ ഇതിനെതിരെ പൊതുതാൽപര്യ ഹരജികൾ സമർപിച്ചു.

‘ഞങ്ങൾ ഇതിനകം തന്നെ നടപ്പിലാക്കിയ സ്ത്രീകൾക്കായുള്ള ക്ഷേമപദ്ധതികൾ പോലെയുള്ള നയങ്ങൾ കൊണ്ടുവരാൻ ബി.ജെ.പി പദ്ധതിയിടുന്നതായി കേട്ടു. 2000ൽ സംസ്ഥാന രൂപീകരണത്തിനുശേഷം ഏറ്റവും കൂടുതൽ കാലം ഭരിച്ച ബി.ജെ.പി എന്തുകൊണ്ട് ഇത്തരം നയങ്ങൾ നടപ്പാക്കിയില്ലെന്നും സോറൻ ചോദിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഗൂഢാലോചന നടത്തി കേന്ദ്രം തന്നെ ജയിലിലാക്കിയെന്നും സോറൻ ആരോപിച്ചു. ‘എന്നെ ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ രണ്ട് വർഷമായി അവർ എന്നെ ശല്യപ്പെടുത്തുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജയിലിൽ അടക്കുന്ന തരത്തിലാണ് അവർ അത് ആസൂത്രണം ചെയ്തത്. എന്നിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗോത്രവർഗക്കാർ അവരെ ഒരു പാഠം പഠിപ്പിച്ചു. ഇനി നിയമസഭാ തെരഞ്ഞെടുപ്പിലും അവരെ പാഠം പഠിപ്പിക്കും -സോറൻ അവകാശപ്പെട്ടു.

Tags:    
News Summary - BJP interested in getting power as Jharkhand is known for its mineral and forest resources: Hemant Soren

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.