നന്ദിപറയുന്ന കോടിക്കണക്കിന്​ വിഡിയോകൾ; മോദിയുടെ ജന്മദി​നത്തോടനുബന്ധിച്ച്​ 'പി.ആർ തള്ളി'നൊരുങ്ങി ബി.ജെ.പി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച്​ മൂന്നാഴ്ച നീണ്ട 'പി.ആർ തള്ളി'ന്​ തുടക്കമിടാനൊരുങ്ങി​ ബി.ജെ.പി. സെപ്​റ്റംബർ 17നാണ്​ മോദിയുടെ ജന്മദിനം. കൂടാതെ, മോദി പൊതു ഭരണ -സേവന രംഗ​ത്ത്​ 20 വർഷം പൂർത്തിയാക്കുന്നതും പ്രചാരണത്തിന്​ ഉപയോഗിക്കും. 2001 ഒക്​ടോബർ ഏഴിനാണ്​​​ മോദി ഗുജറാത്ത്​ മുഖ്യമ​ന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തത്​. ഇതോടെ മോദിയുടെ 71ാം ജന്മദിനവും ​രാഷ്​ട്രീയ ജീവിതത്തിലെ 20 വർഷവും ആ​ഘോഷിക്കാനാണ്​ ബി.ജെ.പിയുടെ ഒരുക്കം.

രാജ്യത്ത്​ കോവിഡ്​ മഹാമാരിയുടെ രണ്ടാം തരംഗം നിരവധി പേരുടെ ജീവൻ നഷ്​ടപ്പെടുത്തിയതിനൊപ്പം ജനജീവിതവും താറുമാറായതിന്​ പിന്നാലെയാണ്​ പി.ആർ വർക്കിലൂടെ മുഖച്ഛായ രക്ഷിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം. ബി.ജെ.പിക്കുള്ളിൽനിന്നുതന്നെ കേന്ദ്രസർക്കാറിന്‍റെയും മോദിയുടെയും കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ഇതോടെയാണ്​ പി.ആർ വർക്കിലൂടെ മോദിയുടെയും ബി.ജെ.പിയുടെയും മുഖം രക്ഷിക്കാനുള്ള തീരുമാനം.

കോവിഡ്​ മഹാമാരി നാശം വിതച്ചതിന്​ ശേഷം മോദി മന്ത്രിസഭ പുനസംഘടിപ്പിച്ചിരുന്നു. ​കേന്ദ്ര ആരോഗ്യമന്ത്രിയെ ഉൾപ്പെടെ മാറ്റിയായിരുന്നു പുനസംഘടന. എന്നാൽ, പാർല​െമന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ കോവിഡിനൊപ്പം പെഗസസും കർഷക സമരവുമെല്ലാം പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്നതോടെ ബി.ജെ.പിക്ക്​ അടിതെറ്റുകയായിരുന്നു. ഇത്​ മന്ത്രിസഭ പുനസംഘടിപ്പിച്ച്​ മുഖം രക്ഷിക്കാനുള്ള കേന്ദ്രത്തിന്‍റെയും ബി.ജെ.പിയുടെയും ശ്രമങ്ങൾക്ക്​ തിരിച്ചടിയാകുകയും ചെയ്​തു.

ഉത്തർപ്രദേശിൽ ഉൾപ്പെടെ നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തതോടെ സർക്കാർ നേതൃത്വത്തിൽ ജൻ ആശിർവാദ്​ യാത്ര സംഘടിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രിമാരെ അണിനിരത്തി നടത്തിയ ജൻ ആശിർവാദ്​ യാത്രക്കുപോലും പാർട്ടിക്കേറ്റ പരിക്ക്​ ശരിയാക്കാൻ കഴിഞ്ഞില്ലെന്നാണ്​ ബി.ജെ.പിയുടെ കണക്കുകൂട്ടൽ. ഇതോടെയാണ്​ മോദിയുടെ ജന്മദിനാഘോഷം പി.ആർ വർക്കിനായി ഉപയോഗിക്കാൻ ബി.ജെ.പി തീരുമാനിച്ചതെന്ന്​ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

'സേവ സപ്​താഹ്​' എന്ന പേരിലാകും മോദിയുടെ ജന്മദിനാഘോഷം. കൂടാതെ​ മോദിയുടെ പൊതു സേവനത്തിന്‍റെ 20 വർഷങ്ങൾ 'സേവ ഔർ സമർപ്പൺ അഭിയാൻ' ആയും ആഘോഷിക്കും.

ബി.ജെ.പി നടത്തുന്ന കാമ്പയിനുകളെക്കുറിച്ച്​ പാർട്ടി ജനറൽ സെക്രട്ടറി അരൂൺ സിങ്​ വിവരിച്ചത്​ 'ഇന്ത്യൻ എക്​സ്​പ്രസ്​' റിപ്പോർട്ട്​ ചെയ്​തിരുന്നു. അവയുടെ പ്രധാന ഭാഗങ്ങളാണ്​ ഇവ.

1. പി.എം ഗരീബ്​ കല്യാൺ യോജന വഴി വിതരണം ചെയ്​ത അഞ്ചുക​ിലോയുടെ സൗജന്യ റേഷന്​ നന്ദി അറിയിച്ച്​ മോദിയുടെ ചിത്രം പതിച്ച 14 കോടി ബാഗുകൾ വിതരണം ചെയ്യും

2. മഹാമാരി സമയത്ത്​ സഹായിച്ച മോദിക്ക്​ നന്ദി രേഖപ്പെടുത്തി ഗുണഭോക്താക്കൾ സംസാരിക്കുന്ന വിഡിയോകൾ പുറത്തിറക്കും

3. മോദിക്ക്​ 71 വയസ്​ തികയുന്നതിന്‍റെ ഭാഗമായി 71 നദികൾ വൃത്തിയാക്കും

4. പാവപ്പെട്ടവരുടെ ക്ഷേമത്തിന്​ നൽകിയ സംഭാവനകൾക്ക്​ നന്ദി പറയുന്ന അഞ്ച്​ കോടി കാർഡുകൾ മോദിക്ക്​ മെയിൽ വഴി അയച്ചുനൽകും

5. വാക്​സിൻ സ്വീകരിച്ചവർ സൗജന്യ വാക്​സിൻ നൽകിയതിന്​ മോദിക്ക്​ നന്ദി പറയുന്ന വിഡിയോകൾ പുറത്തിറക്കും

6. കല സാംസ്​കാരിക കായിക മേഖലകളിൽനിന്നുള്ള പ്രമുഖർ പ​െങ്കടുക്കുന്ന മോദിയുടെ ജീവിത​ത്തെയും പ്രവർത്തന​ത്തെക്കുറിച്ചും വിവരിക്കുന്ന സെമിനാറുകൾ സംഘടിപ്പിക്കും

7. മോദി ഭരണത്തെക്കുറിച്ച്​ അഭിപ്രായപ്പെടുന്ന പ്രമുഖ എഴുത്തുകാരുടെ ലേഖനങ്ങൾ പ്ര​ാദേശിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാൻ നൽകും

8. കോവിഡ്​ മഹാമാരിയിൽ മാതാപിതാക്കൾ നഷ്​ടപ്പെട്ട കുട്ടികളെ പി.എം കെയർ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി രജിസ്​ട്രേഷൻ സംഘടിപ്പിക്കും

9. മോദിക്ക്​ ലഭിച്ച മൊ​മ​േന്‍റാകൾ ലേലം ചെയ്യുന്നതിനായി പൊതുജനങ്ങളെ സംഘടിപ്പിക്കും

ഇവ കൂടാതെ രക്തദാന ക്യാമ്പ്​, ആരോഗ്യ പരിശോധന ക്യാമ്പ്​, വൃദ്ധസദനങ്ങളിൽ ഭക്ഷണം വിതരണം ചെയ്യൽ തുടങ്ങിയവയും സംഘടിപ്പിക്കും. റേഷൻ കിറ്റുകളിൽ മോദിയുടെ ചിത്രം പതിപ്പിക്കുന്നതിലൂടെ പാവങ്ങളുടെ അത്താണിയെന്ന പരിവേഷം മോദിക്ക്​​ കൈവരുമെന്നാണ്​ സിങ്ങിന്‍റെ കണക്കുകൂട്ടൽ.

കോവിഡ്​ വാക്​സിനേഷൻ സെന്‍ററുകൾ സന്ദർശിക്കാനും കാമ്പയിനിൽ പങ്കുചേരുന്നതിന്​ വിഡിയോകൾ പ്രചരിപ്പിക്കുന്നുണ്ടോയെന്ന്​ ഉറപ്പുവരുത്താനും സിങ്​ ബി.ജെ.പി പ്രവർത്തകരോട്​ ആവശ്യപ്പെട്ടതായാണ്​ വിവരം. ജൻ ധൻ, പി.എം കിസാൻ തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തി വിഡിയോകൾ പ്രചരിപ്പിക്കാനും നിർദേശമുണ്ടെന്ന്​ റിപ്പോർട്ടുകൾ പറയുന്നു.

ഇവ കൂടാതെ, മോദിയുടെ നേട്ടങ്ങളും പദ്ധതികളും സംബന്ധിച്ച്​ എല്ലാ പാർട്ടി ജില്ല ഓഫിസുകളിലും നമോ ആപ്പിലും പ്രദർശിപ്പിക്കാൻ ബി.ജെ.പി ഒരുങ്ങുന്നുണ്ടെന്ന്​ ഹിന്ദുസ്​ഥാൻ ടൈംസ്​ റി​േപ്പാർട്ട്​ ചെയ്യുന്നു. 

Tags:    
News Summary - BJP Is Planning a Three Week PR Push for Modis Birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.