ഗുജറാത്തിലെ തങ്ങളുടെ സ്ഥാനാർഥിയെ ബി.ജെ.പി തട്ടികൊണ്ടുപോയെന്ന് ആപ്

ന്യൂഡൽഹി: ഗുജറാത്തിലെ എ.എ.പിയുടെ സ്ഥാനാർഥിയെ ബി.ജെ.പി തട്ടികൊണ്ടുപോയതായി ആരോപണം. എ.എ.പി സ്ഥാനാർഥി കഞ്ചൻ ജരിവാലയെയും കുടുംബത്തെയും കഴിഞ്ഞ ദിവസം മുതൽ കാണാതായതായും ബി.ജെ.പി തട്ടികൊണ്ടുപോയതാണെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. എ.എ.പിയുടെ സൂറത്തിൽ നിന്നുള്ള സ്ഥാനാർഥിയാണ് കഞ്ചൻ ജരിവാല.

'കഞ്ചനെയും കുടുംബത്തെയും കഴിഞ്ഞ ദിവസം മുതൽ കാണാതായി. നാമനിർദേശപത്രികയുടെ സൂക്ഷപരിശോധനക്ക് ശേഷം ഓഫീസിൽ നിന്നിറങ്ങിയ കഞ്ചനെ ബി.ജെ.പിയുടെ ഗുണ്ടകൾ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ഇപ്പോൾ അദ്ദേഹം എവിടെയാണെന്ന് അറിയില്ല. ഇത് അപകടമാണ്. സ്ഥാനാർഥിയെ മാത്രമല്ല ജനാധിപത്യത്തെയുമാണ് തട്ടികൊണ്ടുപോയത്' -സിസോദിയ പറഞ്ഞു.

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോ എന്ന ഭയം ബി.ജെ.പിക്കുണ്ട്, അതുകൊണ്ടാണ് എ.എ.പിയുടെ സ്ഥാനർഥിയെ തട്ടികൊണ്ടുപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എ.എ.പി സ്ഥാനാർഥിയെ കാണാതായതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ട്വീറ്റ് ചെയ്തിട്ടുണ്ട്. നാമനിർദേശ പത്രിക പിൻവലിക്കാൻ ബി.ജെ.പി കഞ്ചനുമേൽ സമ്മർദ്ദം ചെലുത്തിയതായി അദ്ദേഹം ആരോപിച്ചു.

എന്നാൽ സംഭവത്തിൽ ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡിസംബർ ഒന്ന്, അഞ്ച് തിയതികളിൽ രണ്ടുഘട്ടങ്ങളായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ എട്ടിന് ഫലം പ്രഖ്യാപിക്കും.

Tags:    
News Summary - BJP Kidnapped Our Gujarat Candidate, Alleges AAP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.