പ്രധാനമന്ത്രിയെ തുഗ്ലക് ആക്കി കോൺഗ്രസ്: പഴയ പോസ്റ്റർ പങ്കുവെച്ച് പാർട്ടിയെ നിരോധിക്കണമെന്ന് ബി.ജെ.പി

ന്യൂഡൽഹി: പ്രധാനമന്ത്രിയെ തുഗ്ലക് രാജവംശത്തിലെ നേതാവായ മുഹമ്മദ് ബിൻ തുഗ്ലകുമായി താരതമ്യം ചെയ്ത പോസ്റ്റർ ചൂണ്ടിക്കാട്ടി കോൺഗ്രസിന്‍റെ അംഗീകാരം ഇല്ലാതാക്കണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് പാനലിനെ സമീപിച്ച് ബി.ജെ.പി. ജൂണിൽ കോൺഗ്രസ് പങ്കുവെച്ച് പോസ്റ്റർ ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്വി രംഗത്തെത്തിയിരിക്കുന്നത്. പാർട്ടിയെ നിരോധിക്കണമെന്നും മോദിയെ തുഗ്ലകിനോട് താരതമ്യം ചെയ്ത പോസ്റ്റർ അതിന് ഏറ്റവും ഉചിതമായ കാരണമാണെന്നുമാണ് നഖ്വിയുടെ പരാമർശം.

കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ രാവണനോട് ഉപമിച്ച് ബി.ജെ.പി പോസ്റ്റർ പങ്കുവെച്ചിരുന്നു. അദ്ദേഹം ദുഷ്ടനാണ്, ധർമത്തിന് എതിരാണ്, രാമനെതിരാണ് ഒപ്പം ഭാരതത്തെ ഇല്ലാതാക്കാനാണ് ഉദ്ദേശമെന്നും ബി.ജെ.പി കുറിച്ചിരുന്നു. സംഭവത്തെ അപലപിച്ച് നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ബി.ജെ.പി മനപൂർവം രാജ്യത്തെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്നും അപലപനീയമാണെന്നും കോൺഗ്രസ് പറഞ്ഞു.

ഇതിന് പിന്നാലെയാണ് നരേന്ദ്ര മോദിയെ തുഗ്ലക് ആക്കിക്കൊണ്ടുള്ള പോസ്റ്റർ ബി.ജെ.പി വീണ്ടും ചർച്ചയാക്കുന്നത്. പാഠപുസ്തകങ്ങളിൽ മാറ്റം വരുത്താൻ മോദി ആഗ്രഹിക്കുന്നുണ്ടെങ്കിൽ തുഗ്ലക് യുഗത്തിന് പകരം നിങ്ങളുടേത് കൊണ്ടുവരൂ എന്നായിരുന്നു പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അന്ന് കോൺഗ്രസ് കുറിച്ചത്.

ഇതിന് പിന്നാലെ മോദി അദാനിയുടെ കളിപ്പാവയാണെന്ന് ചൂണ്ടിക്കാണിച്ച് മറ്റൊരു പോസ്റ്റർ കോൺഗ്രസും പങ്കുവെച്ചിരുന്നു. ഇതോടെയാണ് പഴയ പോസ്റ്റർ പങ്കുവെച്ച് കോൺഗ്രസിനെ നിരോധിക്കണമെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പിയുടെ രംഗപ്രവേശം.


Tags:    
News Summary - BJP leader Naqvi demands ban on Congress over poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.