മുംബൈ: ബോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിന്റെ മണ്ഡലത്തിലെ വോട്ടർമാർക്കുള്ള നിർദേശം വിവാദത്തിൽ. എം.പിയെ കാണാൻ വരുമ്പോൾ ആധാർ കാർഡ് കൊണ്ടു വരണമെന്നും സന്ദർശനത്തിന്റെ കാരണം മുൻകൂട്ടി വ്യക്തമാക്കണമെന്നുമുള്ള എം.പിയുടെ നിർദേശങ്ങളാണ് വിവാദത്തിലായത്. സന്ദർശനത്തിന്റെ ഉദ്ദേശ്യം പേപ്പറിലെഴുതി കൊണ്ടു വരണമെന്നാണ് കങ്കണ അറിയിച്ചിരിക്കുന്നത്.
നിരവധി ടൂറിസ്റ്റുകളും പുറത്ത് നിന്നുള്ളവരും തന്നെ കാണാൻ എത്തുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് കങ്കണയുടെ വിശദീകരണം. ന്യായമായ ആവശ്യങ്ങളുമായി എത്തുന്നവരെ മാണ്ഡിയിലെ ഓഫീസിലുണ്ടാവുന്ന സമയത്ത് കാണുമെന്നും അദ്ദേഹം പറഞ്ഞു.
ഹിമാചൽപ്രദേശിലേക്ക് നിരവധി ടൂറിസ്റ്റുകളാണ് എത്തുന്നത്. ഇതിനാലാണ് മണ്ഡലത്തിൽ നിന്നും തന്നെ കാണാനെത്തുന്നവർ ആധാർ കാർഡ് കൂടി കൊണ്ട് വരണമെന്ന് നിർദേശിച്ചത്. ദേശീയതലത്തിലുള്ള പ്രശ്നങ്ങൾ പരിഗണിക്കുകയാണ് എം.പിയെന്ന നിലയിലുള്ള തന്റെ ചുമതല. പഞ്ചായത്ത്, നിയമസഭ അംഗങ്ങൾ കൈകാര്യം ചെയ്യുന്ന പ്രശ്നങ്ങളുമായി തന്റെ മുന്നിലേക്ക് വരരുതെന്നും കങ്കണ പറഞ്ഞു.
അതേസമയം, കങ്കണക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിങ് രംഗത്തെത്തി. ജനപ്രതിനിധി മണ്ഡലത്തിലെ ജനങ്ങളോട് കാണാൻ വരുമ്പോൾ ആധാർ കൂടി കൊണ്ടു വരണമെന്ന് പറയുന്നത് ഒട്ടും ശരിയല്ലെന്ന് വിക്രമാദിത്യ സിങ് വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.