കൊൽക്കത്ത: സാമൂഹിക മാധ്യമങ്ങളിലൂടെ മുതിർന്ന പാർട്ടി നേതാക്കളായ സുവേന്ദു അധികാരിക്കും ദിലീപ് ഘോഷിനുമെതിരെ രോഷാകുലനായ സംഭവത്തിൽ യുവമോർച്ച സംസ്ഥാന അധ്യക്ഷനും എം.പിയുമായ സൗമിത്ര ഖാൻ പരസ്യമായി ഖേദം പ്രകടിപ്പിച്ചു.
ഫേസ്ബുക്കിലൂടെയുള്ള പ്രതികരണങ്ങൾ തന്‍റ ഭാഗത്ത് നിന്ന് വന്ന അബദ്ധമായിരുന്നുവെന്നും ഇരുനേതാക്കളോടും ക്ഷമ ചോദിക്കുന്നതായും ഖാൻ യുവമോർച്ച യോഗത്തിൽ വിശദീകരിച്ചു.
ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് അരങ്ങേറിയ സംഭവങ്ങളിൽ തൃണമൂൽ കോണഗ്രസിനെതിരെ പൊട്ടിത്തെറിച്ച ഖാൻ മനീഷ് ശുക്ലയെ പോലെയുള്ള നേതാക്കളുടെ മരണം വെറുതെയാകില്ലെന്ന് പറഞ്ഞു. നോർത്ത് 24 പർഗാനസ് ജില്ലയിലെ പ്രാദേശിക നേതാവായിരുന്ന ശുക്ല കഴിഞ്ഞ വർഷം ഒക്ടോബഹറിലാണ് വെടിയേറ്റ് മരിച്ചത്.
പ്രതിപക്ഷ നേതാവായ സുവേന്ദു അധികാരി കണ്ണാടിയിൽ നോക്കണമെന്നും അദ്ദേഹം ന്യൂഡൽഹിയിലെ കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമാതിരുന്നു ഖാൻ എഫ്.ബിയിൽ കുറിച്ചത്. ബംഗാളിൽ പാർട്ടിയിലെ ഏറ്റവും തലപ്പൊക്കമുള്ള നേതാവായി അദ്ദേഹം സ്വയം കരുതുകയാണെന്നും ഖാൻ വിമർശിച്ചു.
അദ്ദേഹത്തിന് എല്ലാം മനസ്സിലാക്കാൻ കഴിയില്ലെന്നും സംഭവിക്കുന്നതിന്‍റെ പകുതി മാത്രമേ മനസ്സിലാകൂ എന്നുമായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷനെതിരായ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.