ബംഗളൂരു: ബംഗളൂരു നഗരം തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയെന്ന ബി.ജെ.പി എം.പി തേജസ്വി സൂര്യയുടെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം.
ആഗോളതലത്തിൽ ടെക്നോളജി രംഗത്ത് അറിയെപ്പടുന്ന നഗരങ്ങളിലൊന്നായ ബംഗളൂരുവിനെ രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി തീവ്രവാദ ഹബ്ബായി ചിത്രീകരിക്കുകയാണെന്നും ഇത്തരം പ്രചാരണങ്ങൾ വൻകിട കമ്പനികളുടെ നിക്ഷേപ സാധ്യതകൾ തടയുമെന്നും പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് കുറ്റപ്പെടുത്തി.
ബി.ജെ.പിയുടെ രാഷ്ട്രീയ ലാഭത്തിനായി ബംഗളൂരു നഗരത്തെയും കർണാടകയെയും താറടിച്ചതിന് ഭാവിയിൽ വൻ വില നൽകേണ്ടിവരുമെന്നും വസ്തുതകളുടെ പിൻബലമില്ലാതെയാണ് തേജസ്വിയുടെ പരാമർശമെന്നുമാണ് വിവിധ കേന്ദ്രങ്ങൾ ഉയർത്തുന്ന വിമർശനം.
വർഷങ്ങളായി സമാധാനത്തിൽ കഴിയുന്ന നഗരമായ ബംഗളൂരു കഴിഞ്ഞ ആറുവർഷമായി മോദി ഭരണത്തിന് കീഴിൽ തീവ്രവാദ കേന്ദ്രമായി മാറിയെന്നാണ് ബി.ജെ.പി എം.പിയുടെ വാക്കുകളിൽനിന്ന് മനസ്സിലാവുന്നതെന്ന് ജെ.ഡി-എസിെൻറ സമൂഹ മാധ്യമ ചുമതല വഹിക്കുന്ന പ്രതാപ് കനഗൽ പ്രതികരിച്ചു. മോദിക്കും അമിത് ഷാക്കും കീഴിൽ ഹിന്ദുക്കളെ പോലെ ബംഗളൂരു നഗരവും അപകടാവസ്ഥയിലായെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ യുവജന വിഭാഗമായ യുവമോർച്ചയുടെ ദേശീയ പ്രസിഡൻറായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് വിവാദ പരാമർശവുമായി തേജസ്വി സൂര്യ രംഗത്തുവന്നത്. ബംഗളൂരു കേന്ദ്രമായുള്ള തീവ്രവാദ പ്രവർത്തനങ്ങൾ നേരിടാൻ പൂർണതോതിൽ എൻ.െഎ.എ ഒാഫിസ് ബംഗളൂരുവിൽ അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് എം.പി നിവേദനവും കൈമാറിയിരുന്നു.
പുതിയ സാേങ്കതിക വിദ്യയുടെയും കണ്ടെത്തലിെൻറയും കാര്യത്തിൽ ശ്രദ്ധേയമായ ഗ്ലോബൽ സിറ്റിയായ ബംഗളൂരുവിനെ ബി.ജെ.പി എം.പി തീവ്രവാദ കേന്ദ്രമെന്ന് വിശേഷിപ്പിച്ചത് അപലപനീയമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ പറഞ്ഞു.
രാജ്യത്തിെൻറ ജി.ഡി.പി തകർന്നുകിടക്കുകയാണ്. ഇത്തരം പ്രസ്താവന ബംഗളൂരുവിലേക്കും കർണാടകയിലേക്കും ഏത് നിക്ഷേപകരെയാണ് ക്ഷണിക്കുകയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിർമല സീതാരാമനും ഇക്കാര്യത്തിൽ മറുപടി പറയാനാവുമോ എന്നും ശിവകുമാർ ചോദിച്ചു.
െഎ.ടിയുടെയും ബയോടെക്നോളജിയുടെയും നഗരമായ ബംഗളൂരു തീവ്രവാദ ഹബ്ബാണെന്ന പരാമർശം അംഗീകരിക്കാൻ കഴിയില്ലെന്ന് ജയനഗർ എം.എൽ.എ സൗമ്യ റെഡ്ഡി ട്വീറ്റ് ചെയ്തു.
അതേസമയം, മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്കെതിരെ ബി.ജെ.പിക്കകത്ത് ചില ആർ.എസ്.എസ് നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന കരുനീക്കത്തിെൻറ ഭാഗമാണ് യുവ എം.പിയുടെ പ്രസ്താവനയെന്നാണ് രാഷ്ട്രീയ നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.