ബി.ജെ.പി ഹിന്ദുത്വയെ ഉപയോഗിക്കുന്നത്​ അധികാരത്തിനുവേണ്ടി മാത്രം -സഞ്ജയ് റാവത്ത്

ന്യൂഡൽഹി: അധികാരത്തിനുവേണ്ടി മാത്രമാണ് ബി.ജെ.പി ഹിന്ദുത്വയെ ഉപയോഗിക്കുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഉത്തരേന്ത്യയിൽ ബി.ജെ.പിക്കൊപ്പം മത്സരിച്ചില്ലായിരുന്നുവെങ്കിൽ ശിവസേനയിൽ നിന്ന് ഒരു പ്രധാനമന്ത്രിയെ രാജ്യം കാണുമായിരുന്നെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

"മഹാരാഷ്ട്രയിൽ ഒന്നുമല്ലാതിരുന്ന ബി.ജെ.പിയെ ശിവസേനയാണ് ഉന്നതിയിലെത്തിച്ചത്. ബാബരിക്ക് ശേഷം ഉത്തരേന്ത്യയിൽ ശിവസേനക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. ആ സമയത്ത് ഞങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിൽ, ശിവസേനയിൽ നിന്ന് ഒരു പ്രധാനമന്ത്രിയെ രാജ്യം കാണുമായിരുന്നു. പക്ഷേ അന്ന് ഞങ്ങൾ പ്രധാനമന്ത്രിസ്ഥാനം ബി.ജെ.പിക്ക് നൽകുകയാണ് ചെയ്തത്" - സഞ്ജയ് റാവത്ത് പറഞ്ഞു.

ബി.ജെ.പി സഖ്യത്തിനൊപ്പം ചേർന്നതിനാൽ കഴിഞ്ഞ 25 വര്‍ഷം പാഴായിപ്പോയെന്ന് ശിവസേനാ അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഹിന്ദുത്വയുടെ ശക്തി വർദ്ധിപ്പിക്കാനാണ് ശിവസേന ബി.ജെ.പിക്കൊപ്പം ചേര്‍ന്നതെന്നും എന്നാൽ അവർ ഞങ്ങളെ തകർക്കാനാണ് ശ്രമിച്ചതെന്നുമായിരുന്നു ഉദ്ധവിന്‍റെ പ്രസ്​താവന. ഇതിന് മറുപടിയായി, ശിവസേനാ പാർട്ടി സ്ഥാപകനായ ബാൽ താക്കറെയുടെ പാതയിലൂടെയാണോ ഇപ്പോഴത്തെ അധ്യക്ഷൻ നടക്കുന്നതെന്ന് ആത്മപരിശോധന നടത്തണമെന്ന് ബി.ജെ.പി നേതാവ് രാം കദം പറഞ്ഞു. 

Tags:    
News Summary - BJP only uses Hindutva for power - Raut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.