ബി.​ജെ.പി മേക്ക്​ ഇൻ ഇന്ത്യയെന്ന്​ പറയുന്നു​ ; ചൈനയിൽ നിന്ന്​ വാങ്ങുന്നു -രാഹുൽ ഗാന്ധി

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷാവസ്ഥയുടെ തുടർച്ചയെന്നോണം ചൈനീസ്​ ഉത്​പന്നങ്ങൾ ബഹിഷ്​കരിക്കാനുള്ള ആഹ്വാനം ശക്തമാവുന്നതിനിടെ കേ​ന്ദ്രത്തിനെതിരെ ആഞ്ഞടിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി.

നരേന്ദ്ര മോദിയു​െട നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിൻെറ കാലത്ത്​ ചൈനീസ്​ ഉത്​പന്നങ്ങളുടെ ഇറക്കുമതി വർധിച്ചതായി രാഹുൽ ഗാന്ധി ആരോപിച്ചു. ട്വിറ്ററിലൂടെയാണ്​ രാഹുൽ കേന്ദ്രസർക്കാറിനെതിരെ വിമർശനമുന്നയിച്ചത്​.

''വസ്തുതകൾ കള്ളം പറയില്ല. ബി.ജെ.പി പറയുന്നത്:​ ഇന്ത്യയിൽ നിർമിക്കാൻ, ബി.ജെ.പി ചെയ്യുന്നത്:​ ചൈനയിൽ നിന്ന്​ വാങ്ങൽ. '' -രാഹുൽ ട്വീറ്റ്​ ചെയ്​തു.

യു.പി.എ, എൻ.ഡി.എ ഭരണകാലങ്ങളിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി സംബന്ധിച്ച​ കണക്കുകളുടെ ഗ്രാഫിക്​സ്​ ഉൾപ്പെടെയാണ്​ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്​. യു.പി. എ സർക്കാർ ഇറങ്ങി മോദി സർക്കാർ അധികാരത്തിലേറിയ 2014ൽ 12-13 ശതമാനം വരെയായിരുന്നു ചൈനയിൽ നിന്നുള്ള ഇറക്കുമതിയെന്നും അത്​ മോദി ഭരണകാലത്ത്​ 2020ൽ 17-18 ശതമാനമാണെന്നും ഗ്രാഫിക്​സിൽ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ ലഡാക്കിലെ ഗൽവാൻ താഴ്​വരയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ രാഹുൽ വിമർശനമുന്നയിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.