ഡല്‍ഹി: ഗാന്ധിജിയെ പാകിസ്താെൻറ രാഷ്ട്രപിതാവെന്ന് വിളിച്ച ബി.ജെ.പി മീഡിയ സെല്‍ മുന്‍ തലവന്‍ അനില്‍ സൗമിത്രക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിയമനം. ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ പ്രൊഫസറായാണ് സൗമിത്രയെ നിയമിച്ചത്. കേന്ദ്രത്തിന് കീഴിലുള്ള രാജ്യത്തെ പ്രധാന മാസ് കമ്മ്യൂണിക്കേഷന്‍ ഇന്‍സ്റ്റിട്യൂട്ടാണ് ഐ.ഐ.എം.സി.2019 മേയ് 16നാണ് സൗമിത്ര വിവാദ പരാമർശം നടത്തിയത്. അന്ന് അദ്ദേഹം മധ്യപ്രദേശ് ബി.ജെ.പിയിലെ സംസ്ഥാന വക്താവായിരുന്നു.
"മഹാത്മാഗാന്ധി രാഷ്ട്ര പിതാവാണ്, പക്ഷേ പാകിസ്ഥാേൻറതാണെന്നുമാത്രം. ഇന്ത്യയിൽ അദ്ദേഹത്തെപ്പോലെ ധാരാളം പേരുണ്ട്. ചിലർക്ക് മൂല്യമുണ്ട്, ചിലർക്ക് മൂല്യമില്ല'-സൗമിത്ര അന്ന് ഫേസ്ബുക്കിൽ കുറിച്ചു. തുടർന്ന് അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ബിജെപി സസ്‌പെൻഡ് ചെയ്തിരുന്നു. 60-ഓളം പേരില്‍ നിന്നാണ് സൗമിത്രയെ പ്രൊഫസറായി തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ ആദ്യവാരമായിരുന്നു അഭിമുഖം.
ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ നടത്തുന്നത് സ്വയംഭരണാധികാരമുള്ള ഐഐഎംസി സൊസൈറ്റിയാണ്. ഇവർക്ക് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം മുഖേന ഇന്ത്യൻ സർക്കാർ ധനസഹായം നൽകുന്നുണ്ട്. നിലവിൽ ഐഎഎസ് ഓഫീസർ അമിത് ഖാരെയാണ് ചെയർപേഴ്‌സൺ. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായ ഇദ്ദേഹത്തിന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിെൻറ അധിക ചുമതലയുണ്ട്. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സഞ്ജയ് ദ്വിവേദി ഐ.ഐ.എം.സി ഡയറക്ടർ ജനറലാണ്.
ഒക്‌ടോബര്‍ 20ന് ഐ.ഐ.എം.സി അദ്ദേഹത്തിന് ഓഫര്‍ ലെറ്റര്‍ കൈമാറിയതായും ഐ.ഐ.എം.സി അറിയിച്ചു. നിയമനത്തെ കുറിച്ച് സൗമിത്ര പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്നായിരുന്നു ഐ.ഐ.എം.സി ഡയരക്ടറുടെ പ്രതികരണം. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.