ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി സർക്കാറിനെയും രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പി ജനത്തെ ഭീഷണിപ്പെടുത്തുകയാണെന്നും സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും രാഹുൽ പറഞ്ഞു. സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതും അവരുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്‍റെ വിമർശനം. ഭാരത് ജോഡോ യാത്ര തടസ്സപ്പെടുത്താൻ കേന്ദ്ര സർക്കാർ എല്ലാ വിധത്തിലും ശ്രമിച്ചിരുന്നതായും രാഹുൽ കുറ്റപ്പെടുത്തി. ജനങ്ങളുമായി ബന്ധപ്പെടാനുള്ള എല്ലാ സംവിധാനങ്ങളുടെയും നിയന്ത്രണം ബി.ജെ.പിയും ആർ.എസ്.എസും കൈയടക്കിയ പശ്ചാത്തലത്തിലാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചതെന്നും രാഹുൽ വ്യക്തമാക്കി.
പത്ത് ദിവസത്തെ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിക്ക് അമേരിക്കയിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. സാൻഫ്രാൻസിസ്കോയിൽ വിമാനമിറങ്ങിയ രാഹുലിനെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിത്രോഡയും അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. മേയ് 31ന് തീരുമാനിച്ച യാത്രയാണ് മൂന്ന് ദിവസം നേരത്തെയാക്കിയത്. സ്റ്റാൻഫോർഡ് സർവകലാശാലയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്ന രാഹുൽ അവിടുത്തെ ഇന്ത്യക്കാരുമായി സംവദിക്കും.
നേരത്തെ, യു.കെ സന്ദർശനത്തിനിടെ രാഹുൽ കേംബ്രിജ് സർവകലാശാലയിൽ ഇന്ത്യയിലെ സർക്കാറിനെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും നടത്തിയ പ്രസംഗം ബി.ജെ.പി വിവാദമാക്കിയിരുന്നു. ഇന്ത്യൻ ജനാധിപത്യം വലിയ പ്രതിസന്ധി നേരിടുകയാണെന്നും മാധ്യമങ്ങളും കോടതിയുമെല്ലാം സർക്കാർ നിയന്ത്രണത്തിലാക്കിയിരിക്കുകയാണെന്നുമായിരുന്നു രാഹുലിന്‍റെ പ്രസ്താവന. ഇത് ഇന്ത്യയെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു ബി.ജെ.പിയുടെ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.