ന്യൂഡൽഹി: മഹാരാഷ്ട്രയിലെ അട്ടിമറിക്കു പിന്നാലെ പ്രതിപക്ഷ ഐക്യശ്രമം നേരിടാൻ ബി.ജെ.പി കൂടുതൽ ബദൽ കരുനീക്കങ്ങളിൽ. കൂടുതൽ പേരെ ഉൾക്കൊള്ളിച്ച് കേന്ദ്രമന്ത്രിസഭ വൈകാതെ പുനഃസംഘടിപ്പിക്കും. പ്രതിപക്ഷ ഐക്യശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവരിൽ ഒരാളായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതദൾ-യുവിനെ കാത്തിരിക്കുന്നത് എൻ.സി.പിയുടെ അതേ ഗതിയാണെന്ന മുതിർന്ന ബി.ജെ.പി നേതാവ് സുശീൽ മോദിയുടെ പ്രഖ്യാപനമാകട്ടെ, പിന്നാമ്പുറ ശ്രമങ്ങളുടെ പുതിയ സൂചനയായി.
മഹാരാഷ്ട്രയിലെ അട്ടിമറി സൃഷ്ടിച്ച അമ്പരപ്പിനിടയിലും പതറില്ലെന്ന പ്രഖ്യാപനത്തോടെയാണ് പ്രതിപക്ഷ നേതാക്കൾ ബി.ജെ.പിയെ നേരിട്ടത്. രണ്ടാമത്തെ പ്രതിപക്ഷ ഐക്യസമ്മേളനം ബംഗളൂരുവിൽ 17, 18 തീയതികളിൽ നടത്തുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. മഹാരാഷ്ട്രയിൽ നടന്നത് പ്രതിപക്ഷത്തിന്റെ ഐക്യശ്രമം ദൃഢപ്പെടുത്താനാണ് സഹായിച്ചതെന്ന് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, പി.ഡി.പി നേതാക്കൾ പറഞ്ഞു. ഇതിനിടെ, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ടി.ആർ.എസ് നേതാവ് ചന്ദ്രശേഖര റാവു എന്നിവർ ഐക്യനീക്കങ്ങളുടെ ഭാഗമായി കൂടിക്കാഴ്ച നടത്തി.
മഹാരാഷ്ട്രയിലെ അഘാഡി സഖ്യം ലോക്സഭ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ മുന്നേറ്റത്തിൽ വലിയ സംഭാവന നൽകുമെന്ന കണക്കുകൂട്ടലുകൾക്കിടയിലാണ് അജിത് പവാറിന്റെ നേതൃത്വത്തിൽ അട്ടിമറി നടന്നത്. പവാറിന്റെ വിശ്വസ്തനായിരുന്ന വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേലിനെ പുനഃസംഘടനയിൽ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. ശിവസേന ഷിൻഡെ വിഭാഗം പ്രതിനിധിയും മന്ത്രിസഭയിൽ എത്തും.
ഇതിനു പുറമെ, വിവിധ സംസ്ഥാനങ്ങൾക്ക് മന്ത്രിസഭയിൽ കൂടുതൽ പരിഗണന നൽകി വോട്ടുറപ്പിക്കാനാണ് മോദി-അമിത് ഷാമാരുടെ കരുനീക്കം. 20ന് പാർലമെന്റ് സമ്മേളനം നടക്കാനിരിക്കേ, പുനഃസംഘടന അതിനു മുമ്പുതന്നെ നടത്തുമെന്നാണ് വിവരം.
മഹാരാഷ്ട്രക്കൊപ്പം ബിഹാർ, യു.പി എന്നിവിടങ്ങളിൽ പ്രമുഖ പ്രതിപക്ഷ പാർട്ടികളിൽ വിള്ളൽ സൃഷ്ടിക്കാൻ ശ്രമിക്കുന്നതിന്റെ സൂചന ബി.ജെ.പി നേതാക്കൾതന്നെ നൽകിയത് ശ്രദ്ധേയമായി. ബിഹാർ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവിനെ തൊഴിൽതട്ടിപ്പു കേസിന്റെ കുറ്റപത്രത്തിൽ സി.ബി.ഐ ഉൾപ്പെടുത്തിയത് ഇതിനു പിന്നാലെയാണ്. അതേസമയം, പ്രതിപക്ഷനിരയിൽ ബി.ജെ.പിക്കെതിരായ യോജിച്ച പ്രതിപക്ഷ നീക്കം ബി.ജെ.പിയിൽ ഉണ്ടായ അങ്കലാപ്പിന്റെ പ്രതിഫലനം കൂടിയായി ഇതിനെ വിലയിരുത്തുകയാണ് വിവിധ പ്രതിപക്ഷ നേതാക്കൾ.
ജാതി സെൻസസിന് തയാറാകാത്ത ബി.ജെ.പിയെ തുറന്നുകാട്ടി പ്രതിപക്ഷം ആക്രമണത്തിന് മൂർച്ചകൂട്ടിയപ്പോൾ ഏക സിവിൽ കോഡ് ശ്രമങ്ങൾക്ക് വേഗം കൂട്ടി പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഇക്കാര്യത്തിലുള്ള വ്യത്യസ്താഭിപ്രായം ഭിന്നതയാക്കി വളർത്താൻ ബി.ജെ.പി ശ്രമിക്കുന്നതായും പ്രതിപക്ഷം വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.