ന്യൂഡൽഹി: രാജസ്ഥാനിലെ പടലപ്പിണക്കങ്ങൾക്കിടയിൽ സ്ഥാനാർഥികളെ നിശ്ചയിക്കാൻ ഡൽഹിയിൽ ബി.ജെ.പിയുടെ ഉന്നതതല യോഗം. മോദി-അമിത്ഷാമാരുടെ അമിതാധികാര പ്രയോഗത്തിന് വഴങ്ങാത്ത മുൻമുഖ്യമന്ത്രി വസുന്ധര രാജെയെക്കൂടി പങ്കെടുപ്പിച്ചായിരുന്നു സ്ഥാനാർഥി നിർണയ ചർച്ച. 200 മണ്ഡലങ്ങളുള്ള രാജസ്ഥാനിൽ ഏഴ് എം.പിമാർ അടക്കം 41 സ്ഥാനാർഥികളെ മാത്രമാണ് ബി.ജെ.പിക്ക് ഇതിനകം പ്രഖ്യാപിക്കാൻ കഴിഞ്ഞത്. നവംബർ 25നാണ് വോട്ടെടുപ്പ്.
ചൊവ്വാഴ്ച നടന്ന മാരത്തൺ യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ, വസുന്ധരക്ക് പുറമെ രാജസ്ഥാനിൽനിന്നുള്ള മുതിർന്ന നേതാക്കൾ എന്നിവർ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരെയും സ്ഥാനാർഥികളാക്കി ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുകയാണ് ബി.ജെ.പി. കേന്ദ്രമന്ത്രിമാരായ പ്രൾഹാദ് ജോഷി, ഗജേന്ദ്രസിങ് ശെഖാവത്, അർജുൻ റാം മേഘ്വാൾ, രാജസ്ഥാൻ ബി.ജെ.പി പ്രസിഡന്റ് സി.പി. ജോഷി എന്നിവരും ആറു മണിക്കൂർ നീണ്ട ചർച്ചകളിൽ പങ്കെടുത്തു.
ഇവരിൽ ഏതാനും പേർ സ്ഥാനാർഥികളായേക്കും. സീറ്റില്ലെന്ന സൂചനകൾക്കിടയിൽ അതൃപ്തരായി നിൽക്കുന്നവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇവരിൽ പലരും വസുന്ധര രാജെയുടെ വിശ്വസ്തരുമാണ്. ഈ ചർച്ചക്ക് ശേഷം നഡ്ഡ, അമിത് ഷാ എന്നിവർ മധ്യപ്രദേശിൽ നിന്നെത്തിയ മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാൻ, കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിങ് തോമർ എന്നിവരെ കണ്ടു. നവംബർ 17നാണ് 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.