ആറ് സുപ്രധാന വകുപ്പുകൾ വിട്ടുതരില്ലെന്ന് ബി.ജെ.പി; വിലപേശി സഖ്യകക്ഷികൾ

ന്യൂഡൽഹി: സഖ്യകക്ഷികൾ സമ്മർദ്ദതന്ത്രം ശക്തമാക്കിയിരിക്കെ സുപ്രധാനമായ ആറ് വകുപ്പുകൾ വിട്ടുതരില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി. ആഭ്യന്തരം, ധനം, റെയിൽവേ, പ്രതിരോധം, നിയമം, വിവരസാങ്കേതിക വകുപ്പുകളാണ് വിട്ടുതരാനാവില്ലെന്ന് ബി.ജെ.പി സഖ്യകക്ഷി നേതാക്കളെ അറിയിച്ചത്. കേവലഭൂരിപക്ഷം തികക്കുന്നതിൽ നിർണായകമായി മാറിയ സഖ്യകക്ഷികൾ ഉയർത്തുന്ന സമ്മർദങ്ങൾക്ക് പോംവഴി കാണാനുള്ള ചർച്ചകൾ തുടരുകയാണ്. വെള്ളിയാഴ്ച എൻ.ഡി.എയുടെ നിർണായക യോഗം നടക്കും.

ഗ്രാമവികസന വകുപ്പ്, പ്രതിരോധം, റെയിൽവേ, കൃഷിവകുപ്പ് എന്നിവ തങ്ങൾക്ക് വേണമെന്നാണ് ജെ.ഡി.യു നേതാവ് നിതീഷ് കുമാർ ആവശ്യപ്പെട്ടിരിക്കുന്നത്. ബി​ഹാ​റി​ന് പ്ര​ത്യേ​ക പ​ദ​വി വേണം. എ​ൻ.​ഡി.​എ ക​ൺ​വീ​ന​ർ സ്ഥാ​നവും നിതീഷ് ആവശ്യപ്പെട്ടിരിക്കുകയാണ്. മന്ത്രിസഭയുടെ ഭാഗമാകാൻ നിതീഷ് കുമാർ പൊതുമിനിമം പരിപാടി മുന്നോട്ടുവെച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജാതി സെൻസസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് പൊതുമിനിമം പരിപാടി മുന്നോട്ടുവെച്ചതെന്നാണ് വിവരം. നിർണായകമായ 12 എം.പിമാരാണ് നിതീഷിനൊപ്പമുള്ളത്. ഇതുകൂടാതെ, രാജ്യസഭാ ഉപാധ്യക്ഷ പദവിയും നിതീഷ് ആവശ്യപ്പെട്ടിട്ടുണ്ട്.

ലോക്സഭ സ്പീക്കർ പദവി വേണമെന്ന് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരിക്കുകയാണ്. നഗര-ഗ്രാമ വികസന വകുപ്പ്, കപ്പൽ ഗതാഗത തുറമുഖ വകുപ്പ്, ഉപരിതല ഗതാഗത ഹൈവേ വകുപ്പ്, ജലവകുപ്പ് എന്നിവ വേണമെന്നാണ് ടി.ഡി.പി വ്യക്തമാക്കിയത്. ആന്ധ്രയിൽ ചന്ദ്രബാബുവിന്‍റെ ടി.ഡി.പി നേടിയത് 16 സീറ്റുകളാണ്. ആ​​ന്ധ്ര​പ്ര​ദേ​ശി​നും പ്ര​ത്യേ​ക പ​ദ​വി വേ​ണ​മെ​ന്ന് ടി.​ഡി.​പി ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്.

എൻ.ഡി.എയിൽ എൽ.ജെ.പി-അഞ്ച്, ശിവ് സേന (ഏക്നാഥ് ഷിൻഡെ)-ഏഴ്, ആർ.എൽ.ഡി-രണ്ട്, ജെ.ഡി (എസ്)-രണ്ട് എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ നില. അ​ഞ്ച് എം.​പി​മാ​രു​ള്ള ചി​രാ​ഗ്പാ​സ്വാ​ന്റെ എ​ൽ.​ജെ.​പി​ക്ക് റെ​യി​ൽ​വേ വ​കു​പ്പും മ​റ്റൊ​രു സ​ഹ​മ​ന്ത്രി സ്ഥാ​ന​വും വേ​ണം. ഏ​ക്നാ​ഥ് ഷി​ൻ​ഡെ​യു​ടെ ശി​വ​സേ​ന​ക്ക് ഒ​രു കാ​ബി​ന​റ്റ് മ​ന്ത്രി​യും ര​ണ്ട് സ​ഹ​മ​ന്ത്രി​മാ​രു​മാ​ണ് വേ​ണ്ട​ത്. ജി​തി​ൻ റാം ​മ​ഞ്ചി​യും കേ​ന്ദ്ര​മ​ന്ത്രി സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച നടത്താനാണ് ബി.ജെ.പി നീക്കം. അതിന് മുമ്പ് മന്ത്രിസ്ഥാനം പങ്കുവെക്കലിൽ മുന്നണിക്കകത്ത് ധാരണയാകാനുള്ള തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. ഇതോടൊപ്പം, ചെറുകക്ഷികളും സ്വതന്ത്രരും ഉൾപ്പെടെ 10 പേരെ കൂടി ഒപ്പം കൂട്ടാനുള്ള നീക്കവും ബി.ജെ.പി നടത്തുന്നുണ്ട്. ഇതോടെ, എൻ.ഡി.എയുടെ ആകെ അംഗങ്ങൾ 303 ആയി ഉയരും. 

Tags:    
News Summary - BJP unlikely to part with six crucial ministries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.