ബംഗളൂരു: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കർണാടകത്തിൽനിന്നുള്ള രാജ്യസഭാംഗവും ബി.ജെ.പി നേതാവുമായ അശോക് ഗസ്തി (55) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 10.31 ന് ബംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കോവിഡ് പോസിറ്റിവായി സെപ്റ്റംബർ രണ്ടിനാണ് ബംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സ തേടിയത്. വ്യാഴാഴ്ച വൈകീട്ടോടെ ആരോഗ്യനില വളഷായി. തുടർന്ന് അശോക് ഗസ്തി മരിച്ചുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളെ തുടർന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര നേതാക്കൾ, ഡി.കെ. ശിവകുമാർ തുടങ്ങിയ നിരവധി നേതാക്കൾ ട്വിറ്ററിൽ അനുശോചനവും അറിയിച്ചിരുന്നു. പിന്നീട് ആശുപത്രി അധികൃതർ ഇക്കാര്യം നിഷേധിച്ച് പ്രസ്താവനയിറക്കിയെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിച്ചു.
ജൂലൈ 22നാണ് രാജ്യസഭാംഗമായി ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്തിരുന്നത്. വടക്കൻ കർണാടകയിലെ റായ്ച്ചൂർ സ്വദേശിയായ അശോക് ഗസ്തി ആദ്യമായാണ് എം.പിയാകുന്നത്. കോവിഡിനെ തുടർന്ന് ആദ്യ പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നില്ല. കടുത്ത ന്യൂമോണിയക്കൊപ്പം ആന്തരികാവയവങ്ങളുടെ പ്രവർത്തനവും അവതാളത്തിലായതാണ് അശോക് ഗസ്തിയുടെ നില ഗുരുതരാവസ്ഥയിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.