സൂറത്തിൽ വോട്ടിന് മുമ്പേ ബി.ജെ.പിക്ക് നാടകീയ ജയം; കോൺഗ്രസ് പത്രിക തള്ളി, പിന്നാലെ സ്വതന്ത്രർ ഉൾപ്പെടെ എട്ട് സ്ഥാനാർഥികൾ പിന്മാറി

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്ത് ലോക്സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പിന് മുമ്പേ നാടകീയ ജയവുമായി ബി.ജെ.പി. കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക ഇവിടെ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെ ഏഴ് സ്വതന്ത്രർ ഉൾപ്പെടെ, ബി.ജെ.പി സ്ഥാനാർഥി ഒഴികെ എല്ലാവരും പത്രിക പിൻവലിച്ചു. ഇതോടെ, മത്സരത്തിൽ അവശേഷിച്ച ബി.ജെ.പി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ വിജയം ഉറപ്പിച്ചു. 

സൂ​റ​ത്ത് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി നീ​ലേ​ഷ് കു​മ്പാ​നി​യു​ടെ പ​ത്രി​ക ജി​ല്ല വ​ര​ണാ​ധി​കാ​രി ഞായറാഴ്ച ത​ള്ളിയിരുന്നു. സ്ഥാ​നാ​ർ​ഥി​യെ പിന്തുണച്ച് പത്രികയിൽ ഒപ്പിട്ട മൂന്ന് പേരിൽ ഒരാളെ പോലും ഹാജരാക്കാൻ സാധിക്കാതായതോടെയാണ് പത്രിക തള്ളിയത്. നീ​ലേ​ഷ് കു​മ്പാ​നി​യു​ടെ സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് ജ​ഗ​ദീ​ഷ് സ​വ​ലി​യ ഉ​ൾ​പ്പെ​ടെ പി​ന്തു​ണ​ച്ച മൂ​ന്നു​പേ​രും കാ​ലുമാ​റുകയാണുണ്ടായത്.

നീ​ലേ​ഷ് കു​മ്പാ​നി​യെ പി​ന്തു​ണ​ച്ചി​ട്ടി​ല്ലെ​ന്നും പ​ത്രി​ക​യി​ലെ ത​ങ്ങ​ളു​ടെ ഒ​പ്പു​ക​ൾ വ്യാ​ജ​മാ​ണെ​ന്നും ആ​രോ​പി​ച്ച് ഇവർ മൂ​വ​രും സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കു​ക​യും ചെയ്തു. എന്നാൽ, മൂ​ന്നു​പേ​രെ​യും ചിലർ ത​ട്ടി​ക്കൊ​ണ്ടു പോ​യ​താ​ണെന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ഇതുസംബന്ധിച്ച് പൊ​ലീ​സി​ൽ പ​രാ​തിയും ന​ൽ​കി. മൂ​ന്നു​പേ​രും ഞാ​യ​റാ​ഴ്ച​യോ​ടെ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ വ​ര​ണാ​ധി​കാ​രി​ക്കു​മു​ന്നി​ൽ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ​ത്രി​ക ത​ള്ളി. ഇതിന് പിന്നാലെ മ​ണ്ഡ​ല​ത്തി​ലെ കോ​ൺ​ഗ്ര​സിന്‍റെ ഡ​മ്മി സ്ഥാ​നാ​ർ​ഥി സു​രേ​ഷ് പാ​ട്ശാ​ല​യു​ടെ പ​ത്രി​ക​യും സ​മാ​ന കാ​ര​ണ​ങ്ങ​ളാ​ൽ ത​ള്ളി.

ഇ​തോ​ടെ സൂ​റ​ത്ത് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ഇ​ല്ലാ​താ​യി. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​ര​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ ബി.​ജെ.​പി അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ന​ട​ത്തു​ന്നു​വെ​ന്ന് പാ​ർ​ട്ടി ഗു​ജ​റാ​ത്ത് അ​ധ്യ​ക്ഷ​ൻ ശ​ക്തി​സി​ങ് ഗോ​ഹി​ൽ ആ​രോ​പി​ച്ചിരുന്നു. നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും കോൺഗ്രസ് വ്യ​ക്ത​മാ​ക്കി. ​

കോൺഗ്രസിന് സ്ഥാനാർഥികൾ ഇല്ലാതായതോടെയാണ് അതിനാടകീയമായി ബി.ജെ.പി ഒഴികെ മറ്റെല്ലാ സ്ഥാനാർഥികളും പത്രിക പിൻവലിച്ചത്. ഏഴ് സ്വതന്ത്രരും ബി.എസ്.പിയുടെ ഒരു സ്ഥാനാർഥിയുമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.  ബി.എസ്.പി സ്ഥാനാർഥി പ്യാരിലാൽ ഭാരതിയുൾപ്പെടെ എട്ട് സ്ഥാനാർഥികളും പത്രിക പിൻവലിച്ചു.

സൂറത്തിൽ ബി.ജെ.പി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സി.ആർ. പാട്ടീൽ പറഞ്ഞു. വരണാധികാരിയായ ജില്ല കലക്ടർ ബി.ജെ.പി സ്ഥാനാർഥി മുകേഷ് ദലാലിന് എം.പി സർട്ടിഫിക്കറ്റ് കൈമാറിയെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. 

അതേസമയം, ജനാധിപത്യം ഭീഷണിയിലാണെന്നതിന്‍റെ തെളിവാണ് സൂറത്തിൽ കാണുന്നതെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി. രാജ്യത്തെ തെരഞ്ഞെടുപ്പ്, ജനാധിപത്യ സംവിധാനം, അംബേദ്കറുടെ ഭരണഘടന -ഇവയെല്ലാം വെല്ലുവിളി നേരിടുകയാണ്. നമ്മുടെ ജീവിതകാലത്തെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് നടക്കുന്നത് -ജയ്റാം രമേശ് പറഞ്ഞു.

Tags:    
News Summary - BJP's first win before polls, walkover in Surat. Here's what happened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.