ചെന്നൈ: മനുസ്മൃതിക്കെതിരെ പരാമർശം നടത്തിയ ലോക്സഭ എം.പിയും വിടുതലൈ ചിരുതൈഗൾ കക്ഷി നേതാവുമായ തോൾ തിരുമാവളവനെതിരെ ബി.ജെ.പിയുടെ പ്രതിഷേധം. സ്ത്രീകളെയും പിന്നോക്കവിഭാഗങ്ങളെയും മോശമായി ചിത്രീകരിക്കുന്നതാണ് മനുസ്മൃതിയുടെ ഉള്ളടക്കമെന്നും മനുസ്മൃതി നിരോധിക്കണമെന്നും തോൾ തിരുമാവളവന്‍ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ബി.ജെ.പിയുടെ പ്രതിഷേധം.
തിരുമാവളവനെതിരെ പ്രതിഷേധിക്കാൻ ഗൂഡല്ലൂരിലേക്ക് പോകുന്നതിനിടെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കഴിഞ്ഞമാസം കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന നടി ഖുഷ്ബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് ചെങ്കൽപ്പട്ട് പൊലീസാണ് ഖുഷ്ബുവിനെ കസ്റ്റഡിയിലെടുത്തത്. ഗൂഡല്ലൂരിൽ പ്രതിഷേധത്തിന് പൊലീസ് നേരത്തേ അനുമതി നിഷേധിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് ഖുഷ്ബുവിനെ കസ്റ്റഡിയിലെടുത്തത്.
തിങ്കാളാഴ്ച ഇൗറോഡിലെത്തിയ തിരുമാവളവനെ ബി.ജെ.പി പ്രവർത്തകർ തടയുകയും മുദ്രാവാക്യം മുഴക്കുകയും മാപ്പുപറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇൗറോഡിൽ ഒരു വിവാഹത്തിൽ പെങ്കടുക്കാനെത്തിയതായിരുന്നു തിരുമാവളവന്‍. ബി.ജെ.പി പ്രതിഷേധം ആരംഭിച്ചതോടെ വി.സി.കെ പ്രവർത്തകരും മുദ്രാവാക്യവുമായി രംഗത്തെത്തി. സംഘർഷം ഉടലെടുക്കുമെന്ന ഘട്ടത്തിൽ എത്തിയതോടെ ബി.ജെ.പി പ്രവർത്തകരെ പൊലീസ് വാനിൽകയറ്റി കൊണ്ടുപോകുകയായിരുന്നു.
മനുസ്മൃതിക്കെതിരായ പരാമർശത്തിൽ തിരുമാവളവനോട് മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. കൂടാതെ വനിത വിഭാഗം പ്രതിഷേധത്തിന് ആഹ്വാനവും ചെയ്തു. തിരുമാവളവെൻറ അഭിപ്രായങ്ങൾ വർഗീയ സംഘർഷത്തിന് കാരണമാകുമെന്നായിരുന്നു ബി.ജെ.പിയുടെ വാദം.
എന്നാൽ താൻ മനുസ്മൃതിയെ ഉദ്ധരിച്ച് മാത്രമാണ് സംസാരിച്ചതെന്നും മനുസ്മൃതി നിരോധിക്കണമെന്നും ബി.ജെ.പി സംഘർഷം സൃഷ്ടിക്കുന്നതിനായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും തിരുമാവളവന്‍ പറഞ്ഞു.
മനുസ്മൃതിക്കെതിരായ പരാമർശത്തിൽ ബി.ജെ.പിയുടെ പരാതിയിൽ തിരുമാവളവനെതിരെ കേസെടുത്തു. കേസെടുത്തതിനെതിരെ സി.പി.എം, ഡി.എം.കെ, കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.