മോഹൻ ചരൺ മാജി ഒഡിഷ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ; രണ്ടു ഉപമുഖ്യമന്ത്രിമാരും

ഭുവനേശ്വര്‍: നാലു തവണ എം.എൽ.എയും ബി.ജെ.പിയുടെ ആദിവാസി മുഖവുമായ മോഹന്‍ ചരണ്‍ മാജി ഒഡിഷ മുഖ്യമന്ത്രിയാകും. ഭുവനേശ്വറില്‍ ചേര്‍ന്ന ബി.ജെ.പി നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ച നടക്കും.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബി.ജെ.പി മുഖ്യമന്ത്രി വരുന്നത്. ഗോത്രമേഖലയില്‍ വലിയ സ്വാധീനമുള്ളയാളാണ് 52കാരനായ മാജി. രണ്ട് ഉപമുഖ്യമന്ത്രിമാരും ഉണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. കെ.വി. സിങ് ദിയോ, പ്രവതി പരിദ എന്നിവരാണ് ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക. സംസ്ഥാനത്തെ മുതിർന്ന നേതാക്കളായ ധർമേന്ദ്ര പ്രധാനും ജുവൽ ഒറമും കേന്ദ്ര മന്ത്രിമാരായതോടെയാണ് കെന്ദൂഝര്‍ മണ്ഡലത്തിൽനിന്ന് നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ട മോഹൻ മാജിക്ക് നറുക്ക് വീണത്.

കേന്ദ്ര നിരീക്ഷകരായ രാജ്‌നാഥ് സിങ്, ഭൂപേന്ദ്ര യാദവ് എന്നിവര്‍ മുതിര്‍ന്ന നേതാക്കളുമായും എം.പിമാരും എം.എല്‍എ.മാരുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രഖ്യാപനം. 24 വര്‍ഷം സംസ്ഥാനം ഭരിച്ച നവീന്‍ പട്‌നായിക്കിന്റെ പിന്‍ഗാമിയായാണ് മാജി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. ബി.ജെ.പി നിയമസഭ കക്ഷി നേതാവായി മാജിയെ തെരഞ്ഞെടുത്ത വിവരം രാജ്നാഥ് സിങ്ങാണ് പ്രഖ്യാപിച്ചത്.

കെന്ദൂഝര്‍ മണ്ഡലത്തിൽ ബി.ജെ.ഡിയുടെ മിന മാജിയെ 11,577 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 147 സീറ്റിൽ 78 എണ്ണം നേടിയാണ് സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി അധികാരത്തിലെത്തുന്നത്.

Tags:    
News Summary - BJP's Mohan Charan Majhi to be next Odisha chief minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.