ബോളിവുഡിന്‍റെ ബിഗ് ബി അമിതാഭ് ബച്ചന്‍റെ സിനിമാ യാത്ര ആരെയും പ്രചോദിപ്പിക്കുന്നതാണ്. കരിയറിന്‍റെ തുടക്കത്തിൽ തുടരെ പരാജയങ്ങളാണ് ബച്ചന് നേരിടേണ്ടി വന്നത്. ബച്ചന്‍റെ ആദ്യ സിനിമകളൊന്നും കാര്യമായ ചലനമുണ്ടാക്കുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്തില്ല. ഒരു ഘട്ടത്തിൽ അദ്ദേഹത്തിന്‍റെ കമ്പനിയായ അമിതാഭ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റഡ് (എ.ബി.സി.എൽ) പാപ്പരായി. ഇത് ബച്ചന് വൻ തിരിച്ചടിയാണ് ഉണ്ടാക്കിയത്. അന്ന് ഏകദേശം 90 കോടി രൂപയുടെ കടബാധ്യതയാണ് എ.ബി.സി.എല്ലിന്‍റെ തകർച്ചയുണ്ടാക്കിയത്. ഈ കാലഘട്ടത്തിൽ തനിക്ക് പഠനം വരെ ഉപേക്ഷിക്കേണ്ടി വന്നിരുന്നു എന്ന മകനും നടനുമായ അഭിഷേക് ബച്ചന്‍റെ വെളിപ്പെടുത്തലാണ് ഇപ്പോൾ വാർത്തയാകുന്നത്.
ഞാൻ ബോസ്റ്റൺ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലമായിരുന്നു അത്. അന്ന് എനിക്ക് പഠനം നിർത്തേണ്ടി വന്നു. ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക എങ്ങനെ ഉണ്ടാക്കുമെന്ന് അറിയാതെ അച്ഛൻ വിഷമിക്കുമ്പോൾ എനിക്കെങ്ങനെ ബോസ്റ്റണിൽ ഇരിക്കാനാകും? അത്രയും മോശമായിരുന്നു കാര്യങ്ങൾ. അച്ഛൻ അത് പരസ്യമായി പറയുകയും ചെയ്തിരുന്നു. ടേബിളിൽ ഭക്ഷണം എത്തിക്കാൻ സ്വന്തം സ്റ്റാഫുകളോട് വരെ അദ്ദേഹം പണം കടം വാങ്ങി. ആ സമയം അദ്ദേഹത്തോടൊപ്പമുണ്ടായിരിക്കേണ്ടത് എന്‍റെ ബാധ്യതയാണെന്ന് തോന്നി. ഞാൻ അച്ഛനെ വിളിച്ച്, ഞാൻ പഠനം നിർത്തി അങ്ങോട്ട് വരികയാണെന്ന് പറഞ്ഞു... - അഭിഷേക് പറഞ്ഞു.
അഭിഷേക് പറഞ്ഞ കാലഘട്ടത്തെക്കുറിച്ച് അമിതാഭ് ബച്ചനും പലതവണ പറഞ്ഞിട്ടുണ്ട്. എന്‍റെ കരിയറിലെ ഏറ്റവും ഇരുണ്ട കാലഘട്ടങ്ങളിലൊന്നായിരുന്നു അത്. ഞങ്ങളുടെ വസതിയായ പ്രതീക്ഷക്ക് മുന്നിൽ വന്ന് കടക്കാർ ചീത്ത പറഞ്ഞിരുന്നത് എനിക്ക് മറക്കാനാവില്ല -അമിതാഭ് ഒരിക്കൽ പറഞ്ഞു.
ഈ മാസം റിലീസ് ചെയ്ത വേട്ടയാന്‍റെ ഓഡിയോ ലോഞ്ചിനിടെ അമിതാഭ് ബച്ചന്‍റെ കഷ്ടപ്പാടുകൾ നിറഞ്ഞ കാലത്തെക്കുറിച്ച് രജനികാന്ത് ഓർത്ത് പറഞ്ഞിരുന്നു. പടങ്ങൾ തുടരെ പരാജയപ്പെട്ടപ്പോൾ അദ്ദേഹം എല്ലാ തരം പരസ്യങ്ങളിലും അഭിനയിച്ചു. ഇൻഡസ്ട്രിയിലെ ആളുകൾ ഇത് കണ്ട് പരിഹസിച്ച് ചിരിച്ചിരുന്നു. മൂന്ന് വർഷക്കാലം ദിവസവും 18 മണിക്കൂർ അദ്ദേഹം ജോലി ചെയ്തു. എല്ലാ കടവും വീട്ടി. കടം കയറി വിറ്റ വീട് തിരികെ വാങ്ങി. ആ ലെയിനിലെ മൂന്ന് വീടുകൾ കൂടി വാങ്ങുകയും ചെയ്തു. അതാണ് അമിതാഭ് ബച്ചൻ. ഇന്ന് 82-ാം വയസ്സിൽ അദ്ദേഹം ദിവസവും പത്ത് മണിക്കൂർ ജോലി ചെയ്യുന്നു -ഇതായിരുന്നു രജനിയുടെ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.