ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച ലോക്‌സഭയിൽ അവതരിപ്പിച്ച ഭാരതീയ ന്യായ സംഹിത ബില്ലിനെതിരെ വിമർശനവുമായി മുതിർന്ന അഭിഭാഷകനും രാജ്യസഭ എം.പിയുമായ കപിൽ സിബൽ. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ക്രൂരമായ പൊലീസ് അധികാരം ഉപയോഗിക്കാൻ അനുമതി നൽകുന്നതാണ് നിയമമെന്ന് അദ്ദേഹം വിമർശിച്ചു. ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ നടപടി ചട്ടം, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരമായാണ് കേന്ദ്ര സർക്കാർ പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ നീക്കം നടത്തുന്നത്.
'ഭാരതീയ ന്യായ സംഹിത ബിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ക്രൂരമായ പൊലീസ് അധികാരം ഉപയോഗിക്കാൻ അനുമതി നൽകുന്നതാണ്. 15 മുതൽ 60 ദിവസം വരെയോ 90 ദിവസം വരെയോ വ്യക്തികളെ പൊലീസ് കസ്റ്റഡിയിൽ വെക്കാൻ ഈ നിയമം അനുവാദം നൽകുന്നു. പുനർനിർവചിച്ച രാജ്യസുരക്ഷക്ക് ഭീഷണിയാകുന്നവരെ ശിക്ഷിക്കാൻ പുതിയ കുറ്റങ്ങൾ കൊണ്ടുവരുന്നു. എതിർക്കുന്നവരെയെല്ലാം നിശ്ശബ്ദരാക്കുക എന്നതാണ് ഇതിന്‍റെ പിന്നിലെ അജണ്ട' -കപിൽ സിബൽ ട്വീറ്റിൽ പറഞ്ഞു.
അമിത് ഷാ അവതരിപ്പിച്ച പുതിയ ബില്ലിലെ ‘രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള’ വകുപ്പിനെതിരെ നിയമവിദഗ്ധർ രംഗത്തെത്തിയിട്ടുണ്ട്. രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന വ്യക്തികൾ ആരെന്ന് കൃത്യമായി നിർവചിക്കാത്തത് ദുരുപയോഗ സാധ്യതയേറ്റുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.
രാജ്യദ്രോഹക്കുറ്റത്തിന്റെ വ്യവസ്ഥകളേക്കാൾ കടുത്തതാണ് പുതിയ നിയമത്തിലെ 150ാം വകുപ്പെന്ന് അഭിഭാഷകയും ഗവേഷകയുമായ സുരഭി കർവ ചൂണ്ടിക്കാട്ടി. നിലവിൽ മൂന്നുവർഷമോ ജീവപര്യന്തമോ തടവ് ലഭിക്കാവുന്ന കുറ്റമാണ് രാജ്യദ്രോഹം. എന്നാൽ പുതിയ ബില്ലിൽ മൂന്നുവർഷത്തിനു പകരം ഏഴുവർഷമാണ്. ഒരു കുറ്റകൃത്യം പുതുതായി ചേർക്കുമ്പോൾ അതെന്താണെന്ന് കൃത്യമായി നിർവചിക്കേണ്ടതുണ്ട്. എന്നാൽ ‘വിധ്വംസക പ്രവർത്തനങ്ങൾ’, ‘വിഘടനവാദ പ്രവർത്തന വിചാരങ്ങൾ’ തുടങ്ങിയ കൃത്യമല്ലാത്ത എങ്ങോട്ടും വലിച്ചുനീട്ടാവുന്ന വാക്കുകളാണ് പുതിയ ബില്ലിൽ ഉപയോഗിച്ചിരിക്കുന്നതെന്നും സുരഭി ചൂണ്ടിക്കാട്ടി.
പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുകയാണ് രാജ്യദ്രോഹക്കുറ്റത്തിന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നതെന്ന് സുപ്രീംകോടതി അഭിഭാഷകൻ ചിത്രാൻഷുൽ സിൻഹ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.