ഇംഫാൽ: മണിപ്പൂർ വംശീയ കലാപത്തിൽ കൊല്ലപ്പെട്ട 64 കുക്കി വിഭാഗക്കാരുടെയും നാല് മെയ്തേയി വിഭാഗക്കാരുടെയും മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മേയ് മാസത്തിൽ ആരംഭിച്ച കലാപത്തിൽ കൊല്ലപ്പെട്ട ഇവരുടെ മൃതദേഹം അന്നുമുതൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മണിപ്പൂർ പൊലീസിന്‍റെയും അസം റൈഫിൾസിന്‍റെയും സാന്നിധ്യത്തിൽ കനത്ത സുരക്ഷയിലാണ് മൃതദേഹങ്ങൾ കൈമാറിയത്.
മണിപ്പൂരിലെ വംശീയ കലാപത്തിൽ ആകെ 175ഓളം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ആയിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും 32 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കലാപത്തെ കുറിച്ച് അന്വേഷിക്കാനും ആശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും കഴിഞ്ഞ ആഗസ്റ്റിൽ സുപ്രീംകോടതി ഹൈകോടതി ജഡ്ജിമാരുടെ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു.
സമിതി സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് മോർച്ചറികളിൽ സൂക്ഷിച്ച 88 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറാനോ, ബന്ധുക്കളെ കണ്ടെത്താത്ത പക്ഷം സംസ്കരിക്കാനോ കോടതി നിർദേശിച്ചത്. കൊല്ലപ്പെട്ട 24 കുക്കി സമുദായക്കാരുടെ മൃതദേഹം ചുരാചന്ദ്പൂർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നുണ്ട്. ഇംഫാലിൽ കൊല്ലപ്പെട്ട കുക്കികളുടെ മൃതദേഹം ലഭിക്കാതെ ഇവ സംസ്കരിക്കില്ലെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്.
175 പേർ കൊല്ലപ്പെട്ടതിൽ 169 പേരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഇവയിൽ 81 പേരുടെ മൃതദേഹം മാത്രമാണ് ബന്ധുക്കൾ ഏറ്റെടുക്കാൻ തയാറായി വന്നത്. 94 മൃതദേഹങ്ങൾ ആരും ഏറ്റെടുക്കാത്ത അവസ്ഥയിലായിരുന്നു. ഇവ സംസ്കരിക്കാതെ ഏറെക്കാലം സൂക്ഷിച്ചുവെക്കുന്നത് സർക്കാറിന് വലിയ ചെലവ് വരുത്തുവെക്കുന്നതാണെന്നും മൃതദേഹങ്ങളോട് കാട്ടുന്ന അനാദരവാണെന്നും മൂന്നംഗ സമിതി സുപ്രീംകോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.