ഉത്തർപ്രദേശിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം അയൽവാസിയുടെ വീടിനുള്ളിൽ കണ്ടെത്തി. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹാപൂർ പട്ടണത്തിലെ വീട്ടിൽ നിന്ന് വ്യാഴാഴ്ച വൈകുന്നേരം കാണാതായ ആറുവയസുകാരിയുടെ മൃതദേഹമാണ് ഇന്ന് രാവിലെ അയൽവാസിയുടെ വീട്ടിലെ തുണി നിറച്ച പെട്ടിയിൽ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി ഹാപൂർ പൊലീസ് എസ്.പി സർവേഷ് കുമാർ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്‌മോർട്ടം ഫലത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ ബലാത്സംഗം ആണോ എന്ന് സ്ഥിരീകരിക്കാനാകൂ എന്ന് അദ്ദേഹം പറഞ്ഞു. 'ഇന്നലെ ഞങ്ങൾക്ക് ഒരു പെൺകുട്ടിയെ കാണാതായതായി പരാതി ലഭിച്ചു.
ഇന്ന് അയൽവാസിയുടെ വീട്ടിൽ നിന്ന് അസുഖകരമായ ദുർഗന്ധം വമിക്കുന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. ഒരു സംഘത്തെ അയച്ചെങ്കിലും മുൻവശത്തെ വാതിൽ പൂട്ടിയിരിക്കുന്നതായി കണ്ടെത്തി. പൂട്ട് തകർത്ത് ഞങ്ങൾ പ്രദേശവാസികളുമായി വീട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു'- മിശ്ര പറഞ്ഞു. മൃതദേഹം കണ്ടെത്തിയ വീടിന്‍റെ ഉടമയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ പ്രദേശവാസികൾ ആക്രമിച്ചതായി വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
വ്യാഴാഴ്ച വൈകുന്നേരം തന്‍റെ കയ്യിൽനിന്ന് അഞ്ച് രൂപ വാങ്ങി മിഠായി വാങ്ങാനായി മകൾ പോയതായും പിന്നീട് തിരികെ വരാത്തതിനെ തുടർന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും പെൺകുട്ടിയുടെ പിതാവ് പറയുന്നു. പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങളിൽ അയൽവാസി മകളെ ബൈക്കിൽ കയറ്റി വീട്ടിലേക്ക് കൊണ്ടുവരുന്നതിന്‍റെ ദൃശ്യങ്ങൾ ഉണ്ടായിരുന്നതായും പിതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.